ലോകസിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ‘ദി ഗോഡ്ഫാദർ’. കേവലം ഒരു ക്രൈം ഡ്രാമ എന്നതിനപ്പുറം, കുടുംബബന്ധങ്ങളുടെയും സ്നേഹവാത്സല്യങ്ങളുടെയും അതിസങ്കീർണ്ണമായ ഒരു ഇതിഹാസമാണത്. 1969ൽ മരിയോ പുസോ രചിച്ച ലോകപ്രശസ്തമായ നോവലിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ സിനിമ. ലോകത്ത് ഇന്ന് വരെ നിർമ്മിച്ചതിൽ ഏറ്റവും മികച്ച സിനിമയായാണ് ഇതിനെ കണക്കാക്കുന്നത്. ന്യൂയോർക്കിലെ ഇറ്റാലിയൻ മാഫിയയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമ അമേരിക്കയിലെ അധോലോകത്തിൻ്റെ കഥ എന്നതിനേക്കാൾ കുടുംബം എന്ന സങ്കൽപ്പത്തിലാണ് ഊന്നി നിൽക്കുന്നത്. കുടുംബനാഥനായ ഡോൺ വിറ്റോ കോർലിയോൺ, അദ്ദേഹത്തിൻ്റെ മൂത്ത മകൻ സണ്ണി, ദത്തുപുത്രനും ഉപദേശകനുമായ ടോം ഹേഗൻ എന്നിവർ തമ്മിലുള്ള ബന്ധം സിനിമയുടെ വൈകാരികമായ കാതലാണ്.
ഡോൺ വിറ്റോ കോർലിയോണിയെ ഒരു അധോലോക നായകനായാണ് കാട്ടുന്നതെങ്കിലും അദ്ദേഹം എല്ലാം നിയന്ത്രിക്കുന്നതും ഇടപെടുന്നതും കുടുംബവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. തൻ്റെ കുടുംബത്തോട് അളവറ്റ സ്നേഹവും കരുതലും ഉള്ള വ്യക്തിയായാണ് ഡോൺ കോർലിയോൺ. “കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാത്ത ഒരു പുരുഷൻ ഒരിക്കലും യഥാർത്ഥ പുരുഷനല്ല” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെ അത് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കുടൂംബം എന്നത് രക്തബന്ധങ്ങൾ മാത്രമല്ല താനും. ആ മാഫിയയുടെ അധികാര വ്യവസ്ഥ തന്നെ കുടുംബം എന്ന ആശയത്തിൻ്റെ ഒരു വികാസമാണ്.
നിയമങ്ങളുടെ പഴുതുകളിലൂടെയും അധികാര വ്യവസ്ഥയുടെ പുഴുക്കുത്തുകളിലൂടെയുമാണ് മുന്നോട്ട് നീങ്ങുന്നതെങ്കിലും ഡോൺ കോർലിയോണിൻ്റെ നേതൃത്വത്തിലുള്ള മാഫിയാ വ്യവസ്ഥക്ക് കറ കളഞ്ഞ നീതിയുടെയും നന്മയുടേയും ഒരു പശ്ചാത്തലവും ഉണ്ട്. തൻ്റെ മകളെ ബലാൽസംഗം ചെയ്യുകയും അതിക്രൂരമായി ആക്രമിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തവരെ കൊന്നുകളയണമെന്ന് ബോണസെര ഗോഡ്ഫാദറിനോട് പറയുന്ന ഒരു രംഗമുണ്ട് ഇതിൽ. “അത് നീതിയല്ല“ അദ്ദേഹം പറയുന്നു. ‘നിൻ്റെ മകൾ ഇപ്പോഴും ജീവനോടെയുണ്ട്.. പക്ഷേ അവൾക്ക് സംഭവിച്ചതിന് പകരമായി അത് പോലെ അവരും അനുഭവിക്കും എന്ന് ഞാൻ നിനക്ക് ഉറപ്പ് തരുന്നു” അതാണ് കോർളിയോണി കുടുംബം ഉറപ്പ് തരുന്ന നീതി. പുതിയ ബിസിനസ് ആയി മയക്കുമരുന്ന് വിൽപ്പന നടത്താൻ വന്നവരോട് “…but drugs, that’s a dirty business” എന്ന് പറയുന്നുണ്ട്. ലൂസിഫർ സിനിമയിലെ പ്രശസ്ത ഡയലോഗ് അവിടെ നിന്ന് പകർത്തിയതാണ്.
മക്കൾക്കും കുടൂംബത്തിനും വേണ്ടിയാണ് വീറ്റോ കോർളിയോൺ ഡോൺ കോർലിയോൺ ആകുന്നത്. തൻ്റെ മക്കളുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്, പ്രത്യേകിച്ചും ഇളയ മകൻ മൈക്കിളിനെ തൻ്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്താൻ അദ്ദേഹം ആഗ്രഹിച്ചു. തൻ്റെ മക്കളെ സംരക്ഷിക്കാനും അവർക്ക് നീതി ഉറപ്പാക്കാനും ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറാണ്.
ഡോൺ വിറ്റോ കോർലിയോണിയുടെ മൂത്ത മകനാണ് സണ്ണി. എടുത്തുചാട്ടക്കാരനും മുൻകോപിയുമാണെങ്കിലും, കുടുംബത്തോട് അഗാധമായ സ്നേഹമുള്ളവനാണ് സണ്ണി. അച്ഛനോടുള്ള ബഹുമാനവും സഹോദരങ്ങളോടുള്ള വാത്സല്യവും കാരണം പലപ്പോഴും അയാൾ അന്ധനാവുന്നുണ്ട്. തൻ്റെ സഹോദരി കോണിയെ അവളുടെ ഭർത്താവ് മർദ്ദിക്കുമ്പോൾ നിയന്ത്രണം വിട്ട് പ്രതികരിക്കുന്ന സണ്ണി, കുടുംബത്തിൻ്റെ അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കാത്ത പ്രകൃതക്കാരനാണ്. എന്നാൽ, ഈ എടുത്തുചാട്ടം തന്നെയാണ് ഒടുവിൽ അയാളുടെ ജീവനെടുക്കുന്നതും. സണ്ണിയുടെ മരണം കോർലിയോണി കുടുംബത്തിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. കുടുംബസ്നേഹത്തിൻ്റെ തീവ്രവും എന്നാൽ എടുത്തുചാട്ടം കൊണ്ട് അപകടകരവുമായ മറ്റൊരു മുഖം സണ്ണിയുടെ കഥാപാത്രം കാണിച്ചുതരുന്നുണ്ട്.
കോർലിയോണി കുടുംബത്തിലെ രക്തബന്ധമില്ലാത്ത ഒരംഗമാണ് ടോം ഹേഗൻ. അനാഥനായിരുന്ന ടോമിനെ വിറ്റോ കോർലിയോണി ദത്തെടുത്ത് സ്വന്തം മകനെപ്പോലെ വളർത്തുകയായിരുന്നു. അയാളെ പഠിപ്പിച്ച് മിടുക്കനായ വക്കീലാക്കി. ഇറ്റാലിയൻ രക്തമില്ലാത്തതുകൊണ്ട് ഔദ്യോഗികമായി മാഫിയയിൽ അംഗമാകാൻ കഴിയില്ലെങ്കിലും, ഡോൺ വിറ്റോയുടെ ഏറ്റവും വിശ്വസ്തനായ ഉപദേശകനാണ് (Consigliere) ടോം. ശാന്തനും വിവേകിയുമായ ടോം, സണ്ണിയുടെ എടുത്തുചാട്ടങ്ങൾക്ക് പലപ്പോഴും തടയിടാൻ ശ്രമിക്കുന്നുണ്ട് എങ്കിലും സണ്ണിയ്ക്ക് ടോമിനോട് അധികാരം കലർന്ന ജ്യേഷ്ഠഭാവമാണുള്ളത്. പലപ്പോഴും മഹാഭാരതത്തിലെ ദുര്യോധനനായി സണ്ണിയേയും കർണ്ണനായി ടോമിനേയും കാണാൻ കഴിയും. ഡോൺ കോർലിയോൺ തൻ്റെ രക്തത്തിൽ പിറന്ന മക്കളേക്കാൾ ചില സമയങ്ങളിൽ ടോമിനെ വിശ്വസിക്കുന്നുണ്ട്. കുടുംബമെന്നത് രക്തബന്ധങ്ങളേക്കാൾ വലിയ സങ്കൽപ്പമാണെന്ന് ടോം എന്ന ഒരൊറ്റ കഥാപാത്രത്തെക്കൊണ്ട് മരിയോ പുസോ വരച്ചുകാണിക്കുന്നു.
ഗോഡ്ഫാദർ എന്ന സിനിമയെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ നെഞ്ചിലേറ്റിയത് അതിലെ ശക്തമായ വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും കുടുംബബന്ധങ്ങളുടെ തീവ്രമായ ആവിഷ്കാരം കൊണ്ടുമാണ്. ഡോൺ വിറ്റോയും സണ്ണിയും ടോം ഹേഗനും തമ്മിലുള്ള ബന്ധം, സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും ദുരന്തത്തിൻ്റെയും സങ്കീർണ്ണമായ പാഠങ്ങളാണ് നമുക്ക് നൽകുന്നത്. അധോലോകത്തിൻ്റെ പശ്ചാത്തലത്തിലും, കുടുംബബന്ധങ്ങളുടെ ശക്തിയും അതിൻ്റെ വിലയും ഗോഡ്ഫാദർ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈ സിനിമ കേവലം കഥാപാത്രങ്ങളുടെയല്ല, തലമുറകളായി കൈമാറിവരുന്ന സ്നേഹബന്ധങ്ങളുടെയും കൂടി കഥയാണ്.
നായകനിലും തേവർ മകനിലും മുതൽ ലൂസിഫറിൽ വരെ ദ ഗോഡ്ഫാദർ സിനിമയുടെ അംശങ്ങളുണ്ട്. ഇന്ത്യൻ സിനിമയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു ഹോളിവുഡ് ചിത്രമുണ്ടോ എന്ന് സംശയമാണ്. മറ്റ് ഏതൊക്കെ ചിത്രങ്ങളിൽ ഗോഡ്ഫാദർ സിനിമയുടെ പകർത്തലുണ്ടെന്ന് കമൻ്റ് ഇടുമല്ലോ.
The Godfather:1972
Director: Francis Ford Coppola
Screenwriters: Francis Ford Coppola, Mario Puzo
Producer Albert S. Ruddy
Distributor: Paramount Pictures
Discussion about this post