കൊച്ചി: ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ ഗംഭീര വിജയമായതിന് പിന്നാലെ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് ശേഷം ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ചിത്രം സോണി ലിവിലെത്തും.
സിനിമയുടെ ഹിന്ദി ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ച ജയ് വിരാത്ര എന്റര്‍ടെയ്ന്‍മെന്റ്‌സ് ലിമിറ്റഡ്, തമിഴിലും പോണ്ടിച്ചേരിയിലും ഡിസ്ട്രിബ്യൂഷന്‍ നര്‍വ്വഹിച്ച എപി ഇന്റര്‍നാഷണല്‍ ഫിലിംസ്, ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത എന്‍വിആര്‍ സിനിമാസ്, കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ച കുമാര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത ഫാര്‍സ് ഫിലിംസ് എന്നിവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ജനുവരി 31 മുതല്‍ ‘മാര്‍ക്കോ’ കന്നഡയിലും റിലീസിനെത്തിയിട്ടുണ്ട്. തെലുങ്കില്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ മാര്‍ക്കോയ്ക്ക് 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കില്‍ ആദ്യ ദിനം നേടാനായത്.
ചിത്രം ഡിസംബര്‍ 20നാണ് കേരളത്തില്‍ റിലീസിനെത്തിയത്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ ‘മാര്‍ക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
Discussion about this post