കൊച്ചി: മലയാളിയെ രസിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു ഷാഫി. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ അന്ത്യം ഇന്നലെ രാത്രി 12.25നായിരുന്നു.
സഹോദരന് റാഫിയുടെയും അമ്മാവന് സിദ്ദിഖിന്റെയും പിന്നാലെയായിരുന്നു ഷാഫിയുടെ സിനിമാ പ്രവേശം. 2001 ല്‍ ജയറാം നായകനായ വണ്മാന് ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെ ബോക്സ് ഓഫീസില്‍ പണക്കിലുക്കവും പ്രേക്ഷകരില്‍ ചിരിക്കിലുക്കവും സൃഷ്ടിച്ച നിരവധി ചിത്രങ്ങളാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.
സംവിധാനം ചെയ്ത ആദ്യ ചിത്രം വണ്‍മാന്‍ഷോ മുതല്‍ കൈ പതിഞ്ഞതെല്ലാം പൊന്നാക്കി മാറ്റിയ സംവിധായകന്. മലയാള സിനിമയില്‍ തനിക്കുള്ള ഇരിപ്പിടം ഉറപ്പിക്കാനും ഷാഫിക്ക് കഴിഞ്ഞു. റാഫി – മെക്കാര്‍ട്ടിന്‍, ബെന്നി പി നായരമ്പലം, സച്ചി – സേതു, ഉദയ് കൃഷ്ണ – സിബി കെ തോമസ് എന്നിവര്‍ ഒരുക്കിയ തിരക്കഥകളില്‍ ഷാഫിയുടെ കയ്യൊപ്പ് പതിഞ്ഞ് സൂപ്പര്‍ ഹിറ്റുകളും ഹിറ്റുകളും പിറന്നു. ഷാഫി ഓര്‍മ്മയാകുമ്പോള്‍ മലയാള സിനിമയില്‍ ഇനിയും പിറക്കാതെ പോയ അനശ്വരമായ കലാസൃഷ്ടികള്‍ കൂടിയാണ് നഷ്ടമാകുന്നത്.
Discussion about this post