സീരിയലുകള്‍ക്ക് എതിരായ ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാറിന്റെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ സീരിയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രം?ഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ് വായിക്കാം
പരമ്പരകള്‍ക്കു സെന്‍സര്‍ഷിപ് വേണം.
സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. മോഹനദര്‍ശനം, മേളപ്പദം, (രണ്ടും –ദൂരദര്ശന്) അക്ഷയപാത്രം, സപത്നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങള്‍, അമ്മത്തമ്പുരാട്ടി ( അഞ്ചും- ഏഷ്യാനെറ്റ് ), അളിയന്മാരും പെങ്ങന്മാരും ,കോയമ്പത്തൂര്‍ അമ്മായി
(രണ്ടും-അമൃത ടി വി.) പാട്ടുകളുടെ പാട്ട്, (സൂര്യ ടി.വി.) ബന്ധുവാര് ശത്രുവാര് ( മഴവില്‍ മനോരമ )എന്നീ പരമ്പരകള്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത വ്യക്തിയാണ് ഞാന്‍. ദേശാഭിമാനി വാരികയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പരസ്യപ്പെടുത്തിയ എന്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചത്. സ്വന്തമായി പരമ്പര നിര്‍മ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഞാന്‍ ഈ അഭിപ്രായം തുറന്നു പറഞ്ഞത്, ഇതിനെ പിന്തുണച്ചു കൊണ്ട് മാതൃഭൂമി ടി വിയും മറ്റും അക്കാലത്തു ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഇപ്പോള്‍ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയര്മാന് ശ്രീ. പ്രേംകുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നു. ഞാന്‍ അദ്ദേഹത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ പ്രേംകുമാറിനെ എതിര്‍ത്തുകൊണ്ട് ആരൊക്കെയോ രംഗത്തു വന്നിരിക്കുന്നതായി കാണുന്നു .
തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് വേണം, വീടുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം . ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ”എന്ഡോസല്ഫാനേ”ക്കാള്‍ കൂടുതല്‍ വിഷം വിളമ്പുന്നവയാണ്. ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്തു ദ്രോഹവും ചെയ്യാന്‍ മറ്റൊരു സ്ത്രീയോ സ്ത്രീകളോ തയ്യാറാകുന്നതാണ് പ്രധാന പ്രമേയം. ഈ കൂട്ടത്തില്‍ അമ്മയും അമ്മായിയമ്മയും സഹോദരികളും നാത്തൂന്മാരുമൊക്കെ മാറിമാറിയോ ഒരുമിച്ചോ വരും. മലയാളിസ്ത്രീകള്‍ മുഴുവന്‍ കുശുമ്പികളും കുന്നായ്മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകള്‍.
ഈ അനീതിക്ക് അവസാനമുണ്ടായേ മതിയാകൂ. സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം . അല്ലാതെ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവര്‍ക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത്.
Discussion about this post