മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികളില്‍ ഏറെ ആവേശമാണുണര്‍ത്തുന്നത്. മഹേഷ് നാരായണന് ഒരുക്കുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്.
ഈ മാസം 16ന് സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏഴുദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയില്‍ നടക്കുക. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹന്‍ലാലും സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി മമ്മൂട്ടി 14 നും മോഹന്‍ലാല്‍ 15 നും ശ്രീലങ്കയിലേക്ക് പുറപ്പെടും. ശ്രീലങ്കയ്ക്ക് ശേഷം ഷാര്‍ജയിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.
നേരത്തെ മഹേഷ് നാരായണന് ചിത്രം ഡിസംബറിലായിരിക്കും ആരംഭിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ട് ഡിസംബറിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ കാരണത്താലാണ് മഹേഷ് നാരായണന് സിനിമ നേരത്തെ ആരംഭിക്കുന്നത് എന്നാണ് വിവരം. കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Discussion about this post