ടൊവിനോ തോമസ് നായകനായെത്തി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആര്‍എം). ഓണക്കാലത്ത് തിയേറ്ററുകളിലെത്തി വലിയ വിജയം നേടിയ സിനിമ ഉടന്‍ ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.
ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തിയ എആര്‍എം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും യുജിഎം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളില്‍ എത്തിയത്.
കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ സിനിമ ആഗോളതലത്തില്‍ 100 കോടിയിലധികം രൂപയാണ് നേടിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തിയത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോന് ടി ജോണ്‍ ആണ് എആര്‍എമ്മിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദ്. തമിഴില്‍ കന, ചിത്ത തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന് തോമസാണ് സംഗീത സംവിധാനം.
Discussion about this post