നടന് മോഹന്‍രാജിന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍. ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്ന അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരനാണ് മോഹന്‍രാജ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിരീടം എന്ന സിനിമയില്‍ തലയെടുപ്പോടെ ക്യാമറയുടെ മുന്നില്‍ നില്ക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം താന്‍ ഇന്നും ഓര്ത്തെടുക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
‘കഥാപാത്രത്തിന്റെ പേരില്‍ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹന്‍രാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നില്‍ നില്ക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു. വ്യക്തിജീവിതത്തില്‍ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട,’ അദ്ദേഹം സോഷ്യല്‍മീഡിയയില്‍ എഴുതി.
1988 ല്‍ മൂന്നാം മുറ എന്ന സിനിമയിലാണ് മോഹന്‍ലാലും മോഹന്‍രാജും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.അതിനടുത്ത വര്‍ഷമായിരുന്നു കിരീടം റിലീസ് ചെയ്തത്. മോഹന്‍ലാല്‍ സേതുമാധവന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലെ പ്രധാന വില്ലന്‍ വേഷം അവതരിപ്പിച്ചത് മോഹന്‍രാജായിരുന്നു.
പിന്നീട് ഏയ് ഓട്ടോ, ചെങ്കോല്‍, ആറാം തമ്പുരാന്, നരസിംഹം, മിസ്റ്റര്‍ ബ്രഹ്മചാരി, നരന് തുടങ്ങിയ നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഹലോ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പട്ടാമ്പി രവി എന്ന ഹാസ്യ സ്വഭാവമുള്ള കഥാപാത്രത്തെയും മോഹന്‍രാജ് അവതരിപ്പിച്ചിരുന്നു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു മോഹന്‍രാജ് അന്തരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.
Discussion about this post