വിനയന്റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സത്യം. പൃഥ്വിരാജ്, തിലകന്, പ്രിയ മണി, തരുണി സച്ദേവ്, ലാലു അലക്സ്, അനന്ദ്രാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സത്യം പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണിപ്പോള്‍. ഇപ്പോഴിതാ ഈ ചിത്രം തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു പ്രൊജക്ടാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന് വിനയന്.
മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, തന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓര്‍മ്മപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്. മലയാള സിനിമയിലെ താരങ്ങള്‍ ഒരു സമരമെന്ന രൂപത്തില്‍ വിദേശത്തേക്ക് പ്രോഗ്രാം നടത്താന്‍ പോകുന്ന സമയത്ത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാടിനോട് ചേര്‍ന്ന് നിന്ന താന്‍ താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ഒരു ചിത്രം കൂടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സത്യം ഇറങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്ന ഈ വേളയില്‍ ഈ ചിത്രത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സത്യത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പൃഥ്വിരാജും, തിലകന് ചേട്ടനും, ബേബി തരുണിയുമൊക്കെയുള്ള, പ്രിയാമണി ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം. ഈ ചിത്രം എനിക്ക് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു പ്രൊജക്ടാണ്. മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, എന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓര്‍മ്മപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്.
മലയാള സിനിമയിലെ താരങ്ങള്‍ ഒരു സമരമെന്ന രൂപത്തില്‍ വിദേശത്തേക്ക് പ്രോഗ്രാം നടത്താന്‍ പോകുന്ന സമയത്ത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാടിനോട് ചേര്‍ന്ന് നിന്ന ഞാന്‍ താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ഒരു ചിത്രം കൂടിയാണിത്. അന്ന് നിര്‍മാതാക്കള്‍ താരങ്ങള്‍ക്ക് കൊടുക്കുന്ന തുകയ്ക്ക് എഗ്രിമെന്റ് ഇല്ലായിരുന്നു. വന്‍ തുക കൊടുക്കുമ്പോള്‍ എഗ്രിമെന്റ് വേണമെന്ന് നിര്‍മാതാക്കള്‍ പറയുകയും, അത് പറ്റില്ല അങ്ങനെയാണെങ്കില്‍ വേറെ ഫിലിം ചേംബര്‍ പോലുമുണ്ടാക്കുമെന്ന് താരങ്ങള്‍ പറയുകയും ചെയ്ത സാഹചര്യത്തില്‍ പ്രൊഡ്യൂസേഴ്സ് പറയുന്നതിലാണ് ന്യായമെന്നും എഗ്രിമെന്റ് വേണമെന്ന നിലപാട് ഞാനെടുക്കുകയും ചെയ്തു.
മറ്റു മേഖലകളില്‍ ചെറിയ ഒരു തുക കൈമാറുമ്പോള്‍ പോലും എഗ്രിമെന്റ് ഉള്ള നമ്മുടെ നാട്ടില്‍ എന്തുകൊണ്ട് ഒരു വന്‍ തുക കൈമാറുമ്പോള്‍ എഗ്രിമെന്റ് പാടില്ല എന്നാണ് ഞാന്‍ ചിന്തിച്ചത്. നിര്‍മാതാക്കളുടെയും ഫിലിം ചേംബറിന്റെയും അഭ്യര്‍ത്ഥന പ്രകാരം താരങ്ങള്‍ വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ഒരു സിനിമ ചെയ്യണമെന്ന് അവര്‍ പറയുകയും എന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് ആ ചിത്രം ഞാന്‍ ഏറ്റെടുക്കുകയും ചെയ്തു. അന്ന് എഗ്രിമെന്റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകന് ചേട്ടനുമുണ്ടായിരുന്നത്. അവരെ കൂടാതെ ചില ആര്‍ട്ടിസ്റ്റുകള്‍ കൂടി മലയാളത്തില്‍ നിന്നും വന്നു. പ്രിയാമണി ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ തമിഴില്‍ നിന്നുമായിരുന്നു.
വളരെ കുറച്ച് ദിവസം കൊണ്ട് പ്ലാന്‍ ചെയ്ത് കഥയും തിരക്കഥയുമെഴുതി ഷൂട്ടിങ് ആരംഭിച്ചു, അങ്ങനെ താരങ്ങളുടെ സമരത്തെ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ വന്ന എഗ്രിമെന്റ് ആണ് ഇന്ന് മലയാള സിനിമയില്‍ തുടരുന്നതെന്നുള്ള സത്യം പുതിയ തലമുറയിലെ എത്ര പേര്‍ക്ക് അറിയും എന്നെനിക്കറിയില്ല. അതിനു ശേഷമാണ് ഞാന്‍ ഈ പറയുന്ന ശത്രുപക്ഷത്തിലേക്ക് മാറുന്നത്.
അതൊന്നും മന:പൂര്വമല്ലായിരുന്നു, എന്റെ നിലപാടായിരുന്നു എഗ്രിമെന്റ് വരുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നുള്ളത്. പൃഥ്വിരാജിന് നല്ലൊരു ആക്ഷന്‍ സ്റ്റാര്‍ എന്ന ലേബല്‍ ആ ചിത്രം ഉണ്ടാക്കിക്കൊടുത്തു. ഒത്തിരി ഓര്‍മ്മകള്‍ മനസ്സില്‍ വരുന്ന ഒരു ചിത്രമായതുകൊണ്ട് തന്നെ സത്യത്തിന് അതിന്റേതായ പ്രസക്തിയുണ്ട്.
Discussion about this post