വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ അതിജീവിതര്‍ക്ക് വേണ്ടിയുള്ള സഹായങ്ങളുമായി നിരവധി പേര് രംഗത്തെത്തുന്നുമുണ്ട്. ഈ അവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് തെലുങ്ക് നടന് ചിരഞ്ജീവിയും മകന് രാം ചരണും.
ട്വിറ്ററിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു കോടി രൂപയാണ് ഇരു നടന്മാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. കേരളത്തിലെ പ്രകൃതി ക്ഷോഭത്തില്‍ നഷ്ടമാണ് നൂറുകണക്കിന് വിലയേറിയ ജീവനുകളാണെന്നും അതില്‍ താന്‍ ദുഃഖിതനാണെന്നും ചിരഞ്ജീവി കുറിച്ചു.
‘ കേരളത്തിന് നഷ്ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകളാണ്. ആ നഷ്ടപ്പെട്ടത്തില്‍ അഗാധമായി വേദനിക്കുകയാണ്. വയനാട് ദുരന്തത്തില്‍ ഇരയായവരെ കുറിച്ചോര്‍ത്ത് മനസ് നൊമ്പരപ്പെടുകയാണ്. ദുരിതബാധിതര്‍ക്കായി ഞാനും ചരണും ചേര്‍ന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുകയാണ്. വേദനിക്കുന്ന എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്’, എന്നാണ് ചിരഞ്ജീവി കുറിച്ചത്.
അതേസമയം, ചിരഞ്ജീവിയുടെ ബന്ധുവും നടനുമായ അല്ലു അര്‍ജുനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ് താരം സംഭാവനയായി നല്‍കിയത്. തനിക്ക് എപ്പോഴും സ്നേഹം തന്നിട്ടുള്ള നാടാണ് കേരളമെന്നും വയനാട് ദുരന്തത്തില്‍ താന്‍ ദുഃഖിതനാണെന്നും അല്ലു പറഞ്ഞിരുന്നു.
Discussion about this post