24 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദേവദൂതന്റെ രണ്ടാം വരവ് മലയാള സിനിമാ രംഗത്തുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും അത്ഭുതമാവുകയാണ്. സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് വലിയ പരാജയം ആണ് നേരിട്ടത്. പക്ഷേ ചിത്രത്തിലെ പാട്ടുകളും ബിജിഎമ്മും കഥാപാത്രങ്ങളും എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ വന്‍വരവേല്‍പ്പാണ് ദേവദൂതന് ലഭിച്ചിരിക്കുന്നത്. ഫോര്‍ കെ ദൃശ്യമികവോടെ റി റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. പ്രത്യേകിച്ച് യുവതലമുറ.
ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ആദ്യദിനം മുതല്‍ ദേവദൂതന് കാഴ്ചവയ്ക്കുന്നത്. നിലവില്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. ഈ അവസരത്തില്‍ ഇരുവരെ മോഹന്‍ലാല്‍ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.
സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2.20 കോടിയാണ് ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു പരാജയ ചിത്രം വീണ്ടും തിയറ്ററില്‍ എത്തിയപ്പോള്‍ കിട്ടിയ മികച്ചൊരു കളക്ഷനാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
ജൂലൈ 26ന് ആയിരുന്നു ദേവദൂതന് തിയറ്ററുകളില്‍ റി റിലീസ് ചെയ്തത്. ആദ്യദിനം 56 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 100 ആയി വര്‍ദ്ധിപ്പിച്ചിരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ 100ല്‍ നിന്നും 143 തിയറ്ററുകളിലാണ് ദേവദൂതന് പ്രദര്‍ശിപ്പിക്കുന്നത്.
Discussion about this post