ജോണ്‍ എബ്രഹാമിനെ നായകനായെത്തുന്ന നിഖില്‍ അദ്വാനി ചിത്രമാണ് വേദാ. ജോണ്‍ എബ്രഹാമിന് നിര്‍മ്മാണത്തിലും പങ്കാളിത്തമുള്ള ചിത്രം ഓഗസ്റ്റ് 15 നാണ് തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷണല്‍ വേദിയില്‍ വച്ചുള്ള ജോണ്‍ എബ്രഹാമിന്റെ പ്രതികരണം ചര്‍ച്ചയാവുകയാണ്.
ഇത് താങ്കള്‍ സ്ഥിരം ചെയ്യുന്ന ആക്ഷന്‍ സിനിമകളുടെ പാറ്റേണില്‍ വരുന്ന ചിത്രമാണോ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. തന്റെ അനിഷ്ടം മറച്ചുവെക്കാതെ രോഷത്തോടെയായിരുന്നു ഈ ചോദ്യത്തോടുള്ള ജോണിന്റെ പ്രതികരണം. ‘നിങ്ങള്‍ക്ക് അതെങ്ങനെ മനസ്സിലായി ഈ ചിത്രം കണ്ടോ’, ജോണ്‍ ചോദിച്ചു.
‘നിങ്ങള്‍ പറയുന്നതുപോലെയല്ല. ഇത് വ്യത്യസ്തമായ ഒരു ചിത്രമാണ്. എന്നെ സംബന്ധിച്ച് തീവ്രതയുള്ള പ്രകടനമാണ് ഇതിലെ കഥാപാത്രത്തിനുവേണ്ടി ഞാന്‍ നല്‍കിയിട്ടുള്ളത്. തീര്‍ച്ഛയായും നിങ്ങള്‍ ചിത്രം കണ്ടിട്ടില്ല. ആദ്യം ചിത്രം കാണൂ’, ജോണ്‍ പറഞ്ഞു.
അതേസമയം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷര്‍വാരിയാണ്. ജാതിയുടെ അടിസ്ഥാനത്തില്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം പ്രതികരിക്കുന്ന പെണ്‍കുട്ടിയാണ് ഷര്‍വാരിയുടെ കഥാപാത്രം. അഭിഷേക് ബാനര്‍ജിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തമന്ന ഭാട്ടിയ, മൗനി റോയ് എന്നിവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. ആഷിഷ് വിദ്യാര്‍ഥി, കുമുദ് മിശ്ര, രാജേന്ദ്ര ചാവ്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീം അറോറയുടേതാണ് ചിത്രത്തിന്റെ രചന. മലൈ പ്രകാശ് ഛായാഗ്രഹണം. സീ സ്റ്റുഡിയോസ്, എമ്മൈ എന്റര്ടെയ്ന്മെന്റ്, ജെഎ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Discussion about this post