വയനാട്ടിലെ ജനങ്ങള്‍ക്കായി ഇപ്പോള്‍ ചെയ്തത് ചെറിയ സഹായമാണെന്നും ആവശ്യം വരുമ്പോള്‍ ഇനിയും സഹായിക്കുമെന്നും നടന് മമ്മൂട്ടി. എല്ലാവരും തങ്ങളെക്കൊണ്ട് സാധിക്കുംപോലെ ഇവരെ സഹായിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനിപ്പോള്‍ ഒരു ചെറിയ സംഖ്യയാണ് നല്‍കിയത്. വേണ്ടിവന്നാല്‍ ഇനിയും കഴിയുന്ന പോലെ സഹായിക്കും. നമ്മളെപ്പോലെയുള്ള ആളുകളാണ് അവിടെ കഷ്ടപ്പെടുന്നത്. നമ്മളെ കൊണ്ട് സാധിക്കുന്നപോലെ എല്ലാവരും സഹായിക്കുക. രണ്ടു ദിവസം മുന്‍പുള്ള അവസ്ഥയല്ല അവരാരുടേയും ഇപ്പോള്‍. ബന്ധുക്കളെ നഷ്ടപ്പെട്ട ആളുകളുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.
എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ നമുക്ക് വന്നാലേ മനസ്സിലാകൂ. നമ്മള് അതറിഞ്ഞ് പ്രവര്‍ത്തിക്കുക. ഇത് ചെറിയൊരു ഇന്‍സ്റ്റാല്‍മെന്റാണ്. ആവശ്യം വരുമ്പോള്‍ ഇനിയും സഹായിക്കും’, മമ്മൂട്ടി പറഞ്ഞു.
എറണാകുളം കടവന്ത്ര റീജണല്‍ സ്പോര്‍ട്ട്സ് സെന്ററിലെ വയനാട് ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തില്‍ എത്തിയാണ് മമ്മൂട്ടി സ?ഹായം ഏല്‍പ്പിച്ചത്. സഹായധന ചെക്കുകള്‍ മമ്മൂട്ടിയില്‍ നിന്ന് മന്ത്രി പി.രാജീവും ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷും ചേര്‍ന്ന് ഏറ്റുവാങ്ങി. മമ്മൂട്ടി 20 ലക്ഷം രൂപയും മകന് ദുല്‍ഖര്‍ സല്മാന് 15 ലക്ഷം രൂപയും സംഭാവനയായി നല്കി.
നേരത്തെ അന്യഭാഷാ താരങ്ങളും സഹായവുമായി എത്തിയിരുന്നു. സൂര്യ, കാര്‍ത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായവുമായി രംഗത്തുവന്നത്.
Discussion about this post