വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങുമായി മമ്മൂട്ടിയും ദുല്‍ഖറും. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി.
എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ഇന്ന് വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നല്കാന് എത്തിയിരുന്നു. ഇവിടെവച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്.
കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു. കടവന്ത്ര സ്പോര്‍ട്സ് സെന്ററില്‍ ശേഖരിച്ച വസ്തുക്കള്‍ കയറ്റിയ മൂന്ന് ലോറികളും ഒപ്പം പ്രോഗ്രസീവ് ടെക്കീസ് എന്ന ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ സംഘടന സമാഹരിച്ച ഒരു ലോഡുമാണ് കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. നടന് വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
Discussion about this post