ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സംവിധായകന് വിനയന്. സിനിമയിലെ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കുമെന്നും വിനയന് പറഞ്ഞു.
ഇത് സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ്. ആ റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ പാടില്ലെന്നും പറഞ്ഞു. അങ്ങനെയാണ് അത് ഇറക്കാന്‍ പോകുന്നതെന്നും നമ്മള് അറിഞ്ഞു. എന്നിട്ടും ആരാണ് ഇത്ര ഭയക്കുന്നത് എന്ന ഒരു ഞെട്ടലാണ്.
മലയാള സിനിമയില്‍ മോശമായ ചില പ്രവണതകളൊക്കെ ഉണ്ട്, അതൊക്കെ മാറ്റണം എന്ന പൊതുവായ ഒരു റിപ്പോര്‍ട്ട് ആണെങ്കില്‍ അത്തരം കാര്യങ്ങളൊന്നും വേണ്ട, ഇത് ഇങ്ങനെ തന്നെ അങ്ങ് പൊക്കോട്ടെ എന്ന് ആരാണ് ആഗ്രഹിക്കുന്നത് എന്നതാണ് പ്രശ്നം. ചിലരുടെ അപ്രമാദിത്യം മലയാള സിനിമയില്‍ നിലനില്ക്കട്ടെ എന്ന് സര്‍ക്കാരും കോടതിയും പോലും ചിന്തിക്കുന്നുവെങ്കില്‍ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു രക്ഷയും ഇല്ല. വിനയന് പറയുന്നു.
ജസ്റ്റിസ് ഹേമ മൂന്ന് പ്രാവശ്യം എന്നെ വിളിപ്പിച്ചിരുന്നു. ഞാന്‍ നേരിട്ട വിലക്കിനെക്കുറിച്ച് ചോദിക്കാനായിരുന്നു അത്. ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുന്ന മലയാള സിനിമയിലെ പ്രവണത ആ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് എന്റെ വിചാരം. ഒരു കാര്യം വ്യക്തമാണ്. സിനിമയിലെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നു. അതിന് അവര്‍ എന്ത് പണിയും ചെയ്യും.വിനയന് വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഒരാഴ്ച്ചത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്.
Discussion about this post