വലിയ പ്രതീക്ഷകളോടെയെത്തിയ ഇന്ത്യൻ 2 വിന് കനത്ത തിരിച്ചടി നേരിട്ടതോടെ പുതിയ ചിത്രമായ തഗ് ലൈഫ് നേരത്തെ ഇറക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് കമൽഹാസൻ. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം 2024 നവംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം, 2024 ഓഗസ്റ്റിൽ കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് സംവിധായകൻ മണിരത്നവും സംഘവും പദ്ധതിയിടുന്നത്.
ചിത്രത്തിന്റെ 75 ശതമാനം ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിലമ്പരശൻ (ചിമ്പു), അശോക് സെൽവൻ എന്നിവരും ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും.
ദുൽഖർ സൽമാനായി വെച്ച റോളിലാണ് ചിമ്പു എത്തുന്നത്. ചിത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ റഷ്യയിലാണ് ചിത്രീകരിക്കേണ്ടത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽഹാസന്റെ കഥാപാത്രത്തിന്റെ പേര്.
36 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കമൽഹാസനും മണിരത്നവും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ തന്നെയാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്
Discussion about this post