ഇത്തവണ ഓണത്തിന് ബോക്സോഫീസ് പോരാട്ടം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസിനെത്തുന്നുവെന്ന് നിരവധി ചിത്രങ്ങളുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസ് മാത്രമാണ് ഇതിനകം ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റൊരു സിനിമ കൂടി തിയേറ്ററുകാര്‍ക്ക് റിലീസ് സംബന്ധിച്ച കണ്ഫര്മേഷന് ലെറ്റര്‍ അയച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആന്റണി വര്‍ഗീസിനെ നായകനാക്കി അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടല്‍ ആണ് ആ ചിത്രം. ബറോസ് എത്തുന്നതിന് ഒരു ദിവസം മുന്‍പ്, സെപ്റ്റംബര്‍ 12 ന് ചിത്രം എത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആന്റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ചിത്രവുമാണ് കൊണ്ടല്‍. കടല്‍ പശ്ചാത്തലമാക്കുന്ന ചിത്രം ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രവുമാണ്.
അതേസമയം മമ്മൂട്ടിയുടെ ബസൂക്ക, ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം തുടങ്ങിയവയും സെപ്റ്റംബറില്‍ എത്തിയേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മലയാളത്തിലല്ലെങ്കിലും മലയാളികള്‍ കാത്തിരിക്കുന്ന വിജയ് ചിത്രം ഗോട്ട്, ദുല്‍ഖര്‍ സല്മാന് നായകനാവുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍ എന്നിവയും സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക.
Discussion about this post