ആസിഫ് അലിയ്ക്ക് പിന്തുണയുമായി എഴുത്തുകാരിയും അധ്യാപികയുമായ അനു പാപ്പച്ചന്. ഒരു പൊതുപരിപാടിയില്‍ ആസിഫ് അലി പറഞ്ഞതിനെ കുറിച്ചാണ് അനു പാപ്പച്ചന് ഫേസ്ബുക്കിലൂടെ കുറിച്ചത്. ഇന്ന് ആസിഫ് അലി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ താരത്തിന്റെ പക്വതയും മാനവികബോധവുമുള്ള ഇടപെടലിനെ കുറിച്ചും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
തെറ്റുപറ്റുന്ന ഒരാളുടെ നേര്‍ക്കുള്ള ആക്രോശങ്ങളും ഹീനമായ പരിഹാസങ്ങളും വയലന്‍സും ആദ്യം സംഭവിച്ച തെറ്റിനേക്കാള്‍ ഭീകരമായാണ് പരസ്യപ്പെട്ടതെന്ന് സോഷ്യല്‍ മീഡിയയില്‍ രമേശ് നാരായണിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് അനു പാപ്പച്ചന് കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘സണ്‍ഡേ ഹോളിഡേ’ എന്ന സിനിമയുടെ പ്രമോഷന് കോളജില്‍ വച്ച് നടന്നപ്പോഴാണ് വളരെ കുറച്ചു സമയത്തേക്കെങ്കിലും ആസിഫ് അലിയോട് ഇടപഴകാന്‍ അവസരമുണ്ടായത്. യാതൊരു ജാഡകളുമില്ലാതെ ആ ചെറുപ്പക്കാരന് കുട്ടികളോടു സംവദിച്ചു. ‘ബള്‍ബ്’ എന്നോ മറ്റോ ഒരു പരിപാടി ആങ്കര്‍ ചെയ്ത പയ്യന്‍സ് കാലത്ത്, കോളജില്‍ ഒരു വെന്യു ചോദിച്ചപ്പോള്‍ അനുവാദം കിട്ടിയില്ല എന്നും ദാ ഇപ്പോള്‍ ഓഡിറ്റോറിയത്തില്‍ എല്ലാവരുടെയും മുന്നില്‍ നില്ക്കുമ്പോള് നിറഞ്ഞ സന്തോഷമാണെന്നും പങ്കുവച്ചു. കുട്ടികളുടെ കുസൃതി കുറുമ്പു ചോദ്യങ്ങള്‍ക്കൊക്കെയും ഉത്തരമുണ്ടായി. സിനിമാ പ്രമോഷനല്ലേ, പരമാവധി നയവും വിനയവും അഭിനയിക്കുന്നവരെ അല്പ സമയത്തിനുള്ളില്‍ ബോധ്യപ്പെടും. അഹങ്കാരികളെ അതിലും പെട്ടെന്ന്. കടന്നു വന്ന വഴികളില്‍ അഭിമാനമാണ്, പക്ഷേ അതില്‍ അധ്വാനവുമുണ്ട് എന്നാണ് ആസിഫ് പങ്കുവച്ചത്. അധ്യാപകരോട് കുട്ടിക്കാനം മരിയന്‍ കോളജിലെ വിശേഷങ്ങള്‍ പങ്കിട്ടു.
വെള്ളം എടുത്തു കൊടുത്ത ചേച്ചിമാരുടെ ഒപ്പവും സന്തോഷത്തോടെ ഫോട്ടോ എടുത്താണ് ആസിഫ് മടങ്ങിയത്. ‘ഋതു’വിലും ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെട്ടതോടെ ആസിഫ് പിന്നെ ചെയ്ത വേഷം ‘അപൂര്‍വരാഗ’ത്തിലേതാണെന്നു തോന്നുന്നു. തുടക്കത്തിലേ വ്യത്യസ്ത ഷേഡുകളില്‍ അഭിനയിക്കാന്‍ റിസ്ക് എടുക്കുക എളുപ്പമല്ല. ‘വയലിന്’, ‘ഉയരെ’, ‘ഒഴിമുറി’, ‘ഇബ്ലീസ്’ ഒക്കെ ഉദാഹരണമായി ഓര്‍ക്കാം. ‘സാള്‍ട്ട് & പെപ്പറി’ലെ മനുവിലൂടെ ടീനേജിന്റെ സ്വന്തമായ ആസിഫിന്റെ സിനിമാ യാത്രയില്‍ ജയങ്ങളും പരാജയങ്ങളും ഉണ്ടായി. ശ്രദ്ധിക്കപ്പെട്ടതും പെടാത്തതുമായ ചിത്രങ്ങളുണ്ടായി.
നായകനല്ലാത്ത വേഷങ്ങളും ചെയ്തു. ഒരു ഹിറ്റുണ്ടാകുമ്പോഴേക്കും താരങ്ങളായി, ദൈവങ്ങളായി, കിട്ടാപ്പുള്ളികളായി പലരും പരിവര്‍ത്തനം ചെയ്യപ്പെട്ട കാലത്തും ആസിഫ് അതേ ലാളിത്യത്തോടെ തുടരുന്നത് കണ്ടിട്ടുണ്ട്. പല ഇന്റര്‍വ്യൂകളിലും കുട്ടിത്തമുള്ളപ്പോഴും മനുഷ്യരെ ഹര്‍ട്ട് ചെയ്യാതിരിക്കാനുള്ള സ്വഭാവഗുണം നിരീക്ഷിച്ചിട്ടുണ്ട്. ആസിഫ് ഫോണെടുക്കില്ല എന്ന ട്രോളുകള്‍ കുറേ തമാശയായി കേട്ടിട്ടുണ്ട്. പക്ഷേ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും അപ്രാപ്യമായ, ഭാരമാകുന്ന, ശല്യമാകുന്ന ഒരാളായി ഇതേവരെ കേട്ടിട്ടില്ല.
നമുക്ക് ഉള്ളില്‍പ്പോയി തുരന്നു നോക്കാനൊന്നും പറ്റില്ല. പക്ഷേ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലും അതേ പക്വതയും മാനവികബോധവും കണ്ടു. കല മനുഷ്യരെ കൂട്ടിയിണക്കുന്നതിനാണ്. പരസ്പരം മനസ്സിലാക്കാനും തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കാനും അസ്വസ്ഥരുടെ മനസ്സറിയാനും തയ്യാറാകുമ്പോള്‍ ഔന്നത്യപ്പെടുന്നു കല. സത്യം പറഞ്ഞാല്‍ ഈ സംഭവത്തിനു ശേഷം സോഷ്യല്‍ മീഡിയ തുറക്കാന്‍ തന്നെ വലിയ അസ്വസ്ഥതയുണ്ടായി. എന്തുമാത്രം വയലന്‍സാണ് മനുഷ്യര്‍ക്ക്. ആസിഫിനൊപ്പം നില്ക്കുക എന്നതില്‍ യാതൊരു തെറ്റുമില്ല. അതാണ് ശരിയും. പക്ഷേ തെറ്റുപറ്റുന്ന ഒരാളുടെ നേര്‍ക്കുള്ള ആക്രോശങ്ങളും ഹീനമായ പരിഹാസങ്ങളും വയലന്‍സും ആദ്യം സംഭവിച്ച തെറ്റിനേക്കാള്‍ ഭീകരമായാണ് പരസ്യപ്പെട്ടത്. സ്വന്തം വീട്ടിലും തൊഴിലിടത്തിലും സമൂഹത്തിലും ഇതിലും വലിയ ഈഗോയും മേല്‍ത്തര ബോധവും കൊണ്ടു നടക്കുന്നവര്‍ പോലും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്ന് ‘കുത്തിക്കീറി കുടല്മാലയെടുക്കുന്നു.’
ആസിഫ് വിളിച്ചിട്ട് ഫോണെടുത്തില്ല എന്ന് രമേശ് നാരായണ്‍ പറഞ്ഞതു കേട്ടു. തീര്‍ച്ചയായും ആസിഫ് മറുപടി പറയും. കാത്തിരിക്കാമെന്നു കരുതി. പനിയാണ്, ഒന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് എല്ലാമറിയുന്നത്, തന്ന സ്നേഹത്തിന് എല്ലാം നന്ദി എന്ന് അടഞ്ഞ തൊണ്ടയോടെ പറഞ്ഞു തുടങ്ങിയ ആസിഫ് പങ്കുവച്ചതിന്റെ മലയാളം ‘മനുഷ്യരല്ലേ ‘!…. എന്നാണ് മനുഷ്യരെ തമ്മില്‍ തല്ലിക്കാനല്ല, കൂട്ടിപ്പിടിക്കാനാണ് കല / കലാകാരന് എന്ന് തെളിയിച്ച ആസിഫിനോട് ആദരം.
Discussion about this post