വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് ഷങ്കര്‍ – കമല്ഹാസന് ടീമിന്റെ ഇന്ത്യന്‍ 2. ജൂലൈ 12-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഇ-സേവ ജീവനക്കാര്‍. തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഇന്ത്യന്‍ 2-ലെ ഒരു രംഗത്തിനെതിരെയാണ് ഇ-സേവ ജീവനക്കാര്‍ വിമര്‍ശനവുമായെത്തിയത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തില്‍ ചിത്രീകരിക്കുന്നതെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷന് വ്യക്തമാക്കി. തങ്ങളൊരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാള്‍ വലിയ കളികള്‍ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവര്‍ പറഞ്ഞു.
തമിഴ്നാട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഇ-സേവ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ദൈര്‍ഘ്യം 12 മിനിറ്റ് വെട്ടിക്കുറച്ചെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രം റിലീസിനെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ദൈര്‍ഘ്യം കുറച്ചത്. ‘ഇന്ത്യന്‍ 2’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിന്റെ ദൈര്ഘ്യത്തെച്ചൊല്ലി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
200 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ഉലകനായകന് കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിര്‍മ്മാണ ചിലവ്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ 2-ന്റെ നിര്‍മാണം.
Discussion about this post