എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആധാരമാക്കിയെത്തുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസായി. എം ടിയുടെ 91-ാം ജന്മദിനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. മമ്മൂട്ടി,മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന് തുടങ്ങിയവര്‍ ഭാഗമാവുന്ന ആന്തോളജി സീരിസിന്റെ അവതരണം കമല്‍ഹാസനാണ്. ‘മനോരഥങ്ങള്‍’ സീ 5 ഒടിടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 15ന് റിലീസിനെത്തും.
സംവിധായകരായ പ്രിയദര്ശന്, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്, മഹേഷ് നാരായണന്, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകളും നര്‍ത്തകിയുമായ അശ്വതി ശ്രീകാന്ത് ആണ് ഇതിലൊരു സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായിക എന്നതിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അശ്വതി.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തില്‍ നായകനാവുന്നത് മോഹന്‍ലാലാണ്. ‘ശിലാലിഖിതം’ എന്ന ചിത്രത്തിന്റെ സംവിധായകനും പ്രിയദര്‍ശനാണ്, ഈ ചിത്രത്തില്‍ ബിജു മേനോനാണ് നായകന്. നിന്റെ ഓര്‍മ്മക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം ടി എഴുതിയ കഥയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ഇകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. രഞ്ജിത്താണ് സംവിധാനം.
ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ നെടുമുടി വേണു, സുരഭി, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. എംടിയുടെ ‘ഷെര്‍ലക്ക്’ ചെറുകഥ അടിസ്ഥാനമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണന് ആണ്. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രം. സിദ്ദിഖിനെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്ത ‘അഭയം തേടി വീണ്ടും’, പാര്‍വതി തിരുവോത്തിനെ പ്രധാന കഥാപാത്രമാക്കി ശ്യാമപ്രസാദ് ഒരുക്കിയ ‘കാഴ്ച’, രതീഷ് അമ്പാട്ട് ഒരുക്കുന്ന ‘കടല്‍ക്കാറ്റ്’ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ‘കടല്‍ക്കാറ്റി’ല്‍ ഇന്ദ്രജിത്തും അപര്‍ണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങള്‍.
‘വില്‍പ്പന’ എന്ന ചെറുകഥ സിനിമയാക്കുന്നത് എം ടിയുടെ മകള്‍ അശ്വതിയാണ്. ഈ ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post