ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രം ‘കൂലി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഹൈദരാബാദില്‍ സിനിമയുടെ കഴിഞ്ഞ ആഴ്ച ആരംഭിച്ച ചിത്രീകരണത്തില്‍ രജനികാന്തും ശ്രുതി ഹാസനും പങ്കുചേര്‍ന്നിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളാരൊക്കെ ആയിരിക്കുമെന്ന് വിവരങ്ങളെത്തിയിട്ടെല്ലെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.
ഇതിനായി അണിയറപ്രവര്‍ത്തകര്‍ ഫഹദിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈഡ് റോളോ കാമിയോ വേഷമോ ഒന്നുമല്ല, നിര്‍ണായകമായ വേഷം തന്നെയായിരുന്നു എന്നും എന്നാല്‍ ഇത് അദ്ദേഹം വേണ്ടെന്നുവച്ചു എന്നുമാണ് വിവരം. ഡേറ്റ് ക്ലാഷാകുന്നതാണ് നടന് പിന്മാറാന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
പുഷ്പ അടക്കം നിരവധി സിനിമകളാണ് ഫഹദിനിപ്പോള് ഉള്ളത്. രജനികാന്ത് നായകനായി എത്തുന്ന ജ്ഞാനവേലിന്റെ വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ ചെന്നൈയില്‍ വച്ച് വേട്ടയ്യനിലെ തന്റെ വേഷത്തിനായി അദ്ദേഹം ഡബ്ബ് ചെയ്തിരുന്നു.
38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. സണ്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് സംഗീതം നിര്‍വഹിക്കും. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററുകളില്‍ എത്തിയേക്കും.
Discussion about this post