28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം, കമല്ഹാസന് നായകനും ശങ്കര്‍ സംവിധായകനുമായ ചിത്രം എന്നതുമൊക്കെ ഇന്ത്യന്‍ ടുവിന് വലിയ ഹൈപ്പാണ് നല്‍കിയത്. രണ്ടാമൂഴത്തില്‍ കഥാതന്തുവിന് കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും അവതരണത്തില്‍ പ്രകടമായ വ്യത്യാസങ്ങളോടു കൂടി തന്നെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. എന്നാല്‍ വലിയ ഹൈപ്പുകളോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വരവേല്പ് ലഭിച്ചില്ലെന്നതാണ് സത്യം.
എന്താണ് ഇന്ത്യന്‍ ടുവിന് സംഭവിച്ചത്. ഒരു സിനിമയെ സംബന്ധിച്ചിടത്തോളം റിലീസിന് ശേഷം എത്ര വലിയ ചിത്രമാണെങ്കിലും മൗത്ത് പബ്ലിസിറ്റി വലിയൊരു ഘടകം തന്നെയാണ്. പ്രേക്ഷകരുടെ താത്പര്യം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വമ്പന്‍ ഹൈപ്പോടെ വന്ന ചിത്രങ്ങള്‍ പോലും പരാജയമാകു0 എന്നതില്‍ സംശയമില്ല. ഇന്ത്യന്‍ ടുവിനും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്.
മികവുകള്‍ പലതുണ്ടെങ്കിലും ശങ്കര്‍ ചിത്രത്തില്‍ നിന്ന് ഒരു പ്രേക്ഷകന് പ്രതീക്ഷിക്കുന്നതെന്താണോ അത് ഇന്ത്യന്‍ ടുവില്‍ നിന്ന് ലഭിച്ചിട്ടില്ല. പലയിടത്തും ചിത്രം അതിന്റെ ട്രാക്ക് വിട്ടുപോകുന്നതായി പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇനി പ്രേക്ഷകര്‍ ഇന്ത്യന്‍ ടുവിനെതിരായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കാം
ഇന്ത്യന്‍ ടുവില്‍ രംഗങ്ങള്‍ക്ക് ആവര്‍ത്തനവിരസതയുണ്ടെന്നും സസ്പെന്‍സ് ഉദ്ദേശിച്ച് ചെയ്ത പല രംഗങ്ങളും മുന്‍ കൂട്ടി മനസ്സിലാക്കാന്‍ കാണികള്‍ക്ക് കഴിഞ്ഞുവെന്നതും ഒരു കുറവായി തന്നെ അനുഭവപ്പെടുന്നു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് സിനിമ പറയാനുദ്ദേശിക്കുന്നതെങ്കിലും അത് വലിയ വിരസതയുണ്ടാക്കുന്ന തരത്തില്‍ ഒരു സീരിയല്‍ ഡ്രാമ പോലെയാണ് പലര്‍ക്കും തോന്നിയത് . ശക്തമായ വികാരരംഗങ്ങള്‍ പോലും ആര്‍ട്ടിഫിഷ്യല്‍ ആയിട്ട് തോന്നുകയും അതിനൊപ്പം തന്നെ സിനിമയിലെ ഗാനം പോലും അരോചകമായി തോന്നിയെന്നും ചിലര്‍ പറയുന്നുണ്ട്.
ശങ്കര്‍ തന്റെ പഴയ സിനിമകളിലെ കഥാരീതി തന്നെ ഇതിലും ആവര്‍ത്തിച്ചിരിക്കുകയാണ് എന്നാല്‍ സൂപ്പര്‍ഹിറ്റ് എന്നതിലേക്കെത്തുന്നതിന് പകരം പാതി വഴിയില്‍ അത് ദയനീയമായി പരാജയപ്പെട്ടു പോയെന്നാണ് പ്രേക്ഷകരുടെ പക്ഷം. ആദ്യ 20 മിനിട്ടുവരെ സിനിമ വലിയ തട്ടുകേടുകളൊന്നുമില്ലാതെ കടന്നുപോകുന്നുവെന്നും അതിന് ശേഷം ക്രമേണ കൂപ്പുകുത്തുന്നുവെന്നുമാണ് നിരൂപകര്‍ പറയുന്നത്.
സിനിമയുടെ രണ്ടാം ഭാഗം ചെയ്യാന്‍ ശങ്കറിനെ പ്രേരിപ്പിച്ചത് എന്തു ഘടകമാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. കമല്‍ഹാസന്റെ ഗെറ്റപ്പുകളും അഭിനയവുമെല്ലാം കടലില്‍ കായം കലക്കുന്നത് പോലെ നിഷ്പ്രയോജനമായി മാറിയെന്നും അദ്ദേഹത്തിന്റെ കരിയറിന് പോലും ബ്ലാക്ക് മാര്ക്കുണ്ടാക്കിയെന്നുമാണ് ആരാധകരുടെ വിമര്‍ശനം.
സാധാരണ ശങ്കര്‍ സിനിമകളില്‍ അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങളുണ്ടാകും എന്നാല്‍ ഇന്ത്യന്‍ ടുവിലെ ചെറിയ ആക്ഷന്‍ ടാക്ടിക്സുകള്‍ ചിരിപ്പിച്ചുകളഞ്ഞുവെന്നാണ് പലരും പറയുന്നത്. എന്നാല്‍ കുറച്ചു സീനുകളിലുള്ള എആര്‍ റഹ്മാന്റെ ബിജിഎമ്മിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രിയനടന് നെടുമുടി വേണുവിനെ വീണ്ടും കാണാനാകും എന്നതാണ് മലയാളികളെ സംബന്ധിച്ചടത്തോളം സന്തോഷം പകരുന്ന കാര്യം. ചില ഷോട്ടുകളില്‍ അദ്ദേഹം തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ബാക്കിയുള്ളവ വിഷ്വല്‍ ഇഫക്ട്സ് കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
എന്തായാലും സോഷ്യല്‍മീഡിയയില്‍ സിനിമയെക്കുറിച്ച് ട്രോളുകള്‍ നിറയുകയാണ്. ശങ്കറിനും കമല്‍ഹാസനും വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ടു വിന് എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Discussion about this post