68-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് 2023 പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദര്‍ശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം അലെന്‍സിയറിനും നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം രേവതിക്കുമാണ്. തെലുങ്ക് വിഭാഗത്തില്‍ ‘സീതാരാമം’ സിനിമയിലെ പ്രകടനത്തിന് നടന് ദുല്‍ഖര്‍ സല്മാന് മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ചില കാരണങ്ങളാല്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടത്താനായില്ല എന്നും, അതിനാല്‍ കഴിഞ്ഞ വര്‍ഷം ഫിലിംഫെയര്‍ തിളങ്ങിയ പ്രതിഭകളെ അഭിനന്ദിക്കാന്‍ ഡിജിറ്റലായി വിജയികളെ പ്രഖ്യാപിക്കുകയാണ് എന്നും ഫിലിംഫെയര്‍ അറിയിച്ചു.
രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ ആണ് 2023 ലെ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. . ഉടല് എന്ന സിനിമയിലെ പ്രകടനത്തിന് ഇന്ദ്രന്‍സ് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു.
മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘അറിയിപ്പ്’ ആണ് ക്രിട്ടിക്സ് വിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് അലന്‍സിയര്‍ ലേ ലോപ്പസ് ആണ്. ‘അപ്പന്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ക്രിട്ടിക്സ് വിഭാഗത്തില്‍ മികച്ച നടിയായി രേവതി തിരഞ്ഞെടുക്കപ്പെട്ടു. ‘ഭൂതകാലം’ എന്ന സിനിയിലെ പ്രകടനമാണ് രേവതിയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.
ദര്‍ശന രാജേന്ദ്രന് ആണ് 2023 ലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ജയ ജയ ജയ ജയ ജയഹേ’ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അനശ്വരമാക്കിയത് ദര്‍ശന ആയിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു അത്. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരം പാര്‍വ്വതി തിരുവോത്താണ് ഇത്തവണ സ്വന്തമാക്കിയത്. രഥീന സംവിധാനം ചെയ്ത ‘പുഴു’ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം.
മികച്ച സംഗീതത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് കൈലാസ് മേനോന് ആണ്. വാശിയിലെ ഗാനങ്ങള്‍ക്കാണ് പുരസ്കാരം. മികച്ച ഗായകനുള്ള പുരസ്കാരം ഉണ്ണി മേനോന് സ്വന്തമാക്കി. ഭീഷ്മപര്‍വ്വത്തിലെ ‘രതിപുഷ്പം’ എന്ന ഗാനത്തിനാണ് അവാര്‍ഡ്. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം മൃദുല വാര്യര്‍ സ്വന്തമാക്കി. പത്തൊന്‍പതാം നൂറ്റാണ്ടിലെ മയില്പീല എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇത്.
Discussion about this post