ഇക്കഴിഞ്ഞ അരവര്‍ഷത്തെ കണക്കുകള്‍ ബോളിവുഡിന് വലിയ തലവേദനയാണ് സമ്മാനിച്ചത്. കല്‍ക്കി 2898 എഡി മാത്രമാണ് എടുത്തു പറയാവുന്ന ഏക വിജയം. ഹിന്ദി സിനിമാ പ്രദര്‍ശന മേഖലയുടെ ബിസിനസ് 20-30 ശതമാനം വരെ കുറഞ്ഞതായാണ് കണക്കുകള്‍.
കല്‍ക്കി തെന്നിന്ത്യന്‍ സിനിമയായിരുന്നിട്ട് പോലും വിജയമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ലാപാത ലേഡീസ്, മുഞ്ജ്യ തുടങ്ങിയ ചെറു ചിത്രങ്ങള്‍ മാത്രമാണ് ചെറിയ രീതിയിലെങ്കിലും വിജയിച്ചത്. കല്‍ക്കി വന്നത് കൊണ്ട് മാത്രമാണ് ഹിന്ദി സിനിമാ ലോകത്ത് അല്‍പ്പമെങ്കിലും ലാഭമുണ്ടായതെന്ന് ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്ത പറയുന്നു.
തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ഇതുവരെ 900 കോടിയാണ് കല്‍ക്കിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍. 235 കോടി ചെലവിട്ട അജയ് ദേവ്ഗണിന്റെ മൈതാന്‍ 63 കോടി കളക്ഷന്‍ മാത്രമാണ് നേടിയത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ‘യോദ്ധ’യാണെങ്കില്‍ 55 കോടി ചെലവിട്ടാണ് നിര്‍മിച്ചത്. 42 കോടി മാത്രമാണ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞത്.
ഹൃത്വിക് റോഷന്, ദീപിക പദുക്കോണ്‍, അനില്‍ കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 250 കോടി ബജറ്റില്‍ നിര്‍മ്മിച്ച ‘ഫൈറ്റര്‍’ ആഗോള തലത്തില്‍ ഹിറ്റായതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു. മീഡിയ അനലിറ്റിക്സ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ തവണ 2023 ജനുവരി മുതല്‍ മെയ് വരെ ഹിന്ദി സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ 1,443 കോടി രൂപയാണ്.
ഈ വര്‍ഷം 2024 ജനുവരി മുതല്‍ മെയ് വരെയുള്ള വരുമാനം 1,251 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ‘പത്താന്’, ‘ജവാന്’, ‘ഗദര്‍ 2’, ‘ആനിമല്‍ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ ഉണ്ടായിരുന്നു. എല്ലാ തിയേറ്ററുകളിലും 50 മുതല്‍ 60 ശതമാനം വരെ ബിസിനസ് കുറഞ്ഞതായും തിയേറ്റര്‍ ഉടമകളും പറയുന്നു.
Discussion about this post