സിനിമാ സംഗീതരംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. എ.ആര്. റഹ്മാനാണ് പാട്ടുകള്‍ക്ക് ഈണമിടാന്‍ പ്രേരണയായതെന്ന് ഫെയ്സ്ബുക്കിലെഴുതിയ നീണ്ട കുറിപ്പില്‍ ഷാന്‍ പറഞ്ഞു. ദൈവം സഹായിച്ച് വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. എല്ലാത്തിലുമുപരി നന്ദി പറയേണ്ട വ്യക്തി വിനീത് ശ്രീനിവാസനാണെന്നും ഷാന്‍ റഹ്മാന് വ്യക്തമാക്കി.
15 വര്‍ഷം മുന്‍പാണ് ആദ്യചിത്രമായ പട്ടണത്തില്‍ ഭൂതം പുറത്തിറങ്ങിയത്. സംവിധായകര്‍, സംഗീതജ്ഞര്‍, ഗായകര്‍, സൗണ്ട് എഞ്ചിനീയര്‍മാര്‍, ഗാനരചയിതാക്കള്‍ തുടങ്ങി ഈ യാത്രയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചവരോടുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കതീതമാണ്. ഓരോ സിനിമയും ഓരോ പാഠമായിരുന്നു. ആരും തന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല. ആരുടേയും സഹായിയും ആയിരുന്നില്ല. ഗാനങ്ങള്‍ സൃഷ്ടിക്കാനുള്ള പൂര്‍ണ്ണമായ ആഗ്രഹമുണ്ടായിരുന്നു. പ്രിയപ്പെട്ട എ.ആര്.റഹ്മാനാണ് സംഗീതസംവിധാനത്തില്‍ പ്രേരണയായതെന്നും ഷാന്‍ റഹ്മാന് പറഞ്ഞു.
‘തലശ്ശേരി ബി.ഇ.എം.പി ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍, ബെല്‍ അടിക്കുമ്പോള്‍ കാസറ്റ് കടയിലേക്കോടും. പുതിയ കാസറ്റ് ഇറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍. ഞാന്‍ ടിഡികെ തലമുറയുടെ ഭാഗമായിരുന്നു. അച്ഛന് റാസല്‍ഖൈമയില്‍ നിന്ന് വിളിച്ച് നാട്ടിലേക്ക് ഒരാള്‍ വരുന്നുണ്ടെന്നും എന്താണ് കൊടുത്തയക്കേണ്ടതെന്നും ചോദിക്കും. TDK 60 അല്ലെങ്കില്‍ TDK 90 പോലുള്ള ശൂന്യമായ കാസറ്റുകളായിരുന്നു ഞാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടിരുന്നത്. ഞാന്‍ അത് എന്റെ സുഹൃത്തിന്റെ കാസറ്റ് കടയില്‍ കൊടുക്കുകയും ഏറ്റവും പുതിയ എല്ലാ പാട്ടുകളും അതിലേക്ക് പകര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. അതായിരുന്നു പതിവ്. അതായിരുന്നു ഫ്ലാഷ്ബാക്ക്.’ ഷാന്‍ റഹ്മാന് കുട്ടിക്കാലത്തെ പാട്ടുപ്രേമത്തേക്കുറിച്ച് പറയുന്നതിങ്ങനെ.
തനിക്കൊപ്പം പ്രവര്‍ത്തിച്ച നടീനടന്മാര്, ഗായകര്‍, ഗാനരചയിതാക്കള്‍, ചലച്ചിത്ര സംവിധായകര്‍ എന്നിങ്ങനെ ഒരു നീണ്ട പട്ടിക തന്നെ അദ്ദേഹം കുറിപ്പില്‍ പരാര്‍ശിച്ചിട്ടുണ്ട്. ‘കാലം മുന്നോട്ടുപോയപ്പോള്‍ ദൈവം സഹായിച്ച് വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. രാജേഷേട്ടന് എന്ന് ഞാന്‍ വിളിക്കുന്ന രാജേഷ് പിള്ള. എന്റെ ഹൃദയം അദ്ദേഹത്തിലായിരുന്നു. സത്യന് അന്തിക്കാട് സര്, മഹേഷ് നാരായണന്, ലാല്‍ ജോസ്, ജോണി ആന്റണി, എം.മോഹനന്, ഷാഫിക്ക, രഞ്ജിത് സര് അങ്ങനെ നീളുന്നു ആ പട്ടിക. ജൂഡ്, മിഥുന്, ധ്യാന്‍, ബാസി, ധനഞ്ജയ്, ഫെബി, വിഹാന് മുതലായവരുടെ സിനിമാ അരങ്ങേറ്റത്തിന്റെ ഭാഗമാവാനും എനിക്കായി. മമ്മുക്ക, ലാലേട്ടന്, കെപിഎസി ലളിതമ്മ, ശോഭന മാം, പൃഥ്വി, ഫഹദ്, ജയേട്ടന്, നിവിന്‍, ദിലീപേട്ടന്, രഞ്ജി പണിക്കര്‍ ചേട്ടന്, ചാക്കോച്ചന്, അജു, ഇന്ദ്രന്സേട്ടന്, സൈജുച്ചേട്ടന്‍, സണ്ണി, അര്ജുന് അശോകന്, അന്ന , ഇഷ, റീബ, നിഖില എന്നീ താരങ്ങള്‍ക്കൊപ്പവും സുജാത ചേച്ചി മുതല്‍ പുതിയ ഗായകര്‍ക്കൊപ്പവും വരെ പ്രവര്‍ത്തിച്ചു. ഗിരീഷ് പുത്തഞ്ചേരി ചേട്ടന്, അനില്‍ പനച്ചൂരാന് തുടങ്ങിയ എല്ലാവര്ക്കും നന്ദിയുണ്ട്.’ ഷാന്‍ കുറിച്ചു.
പക്ഷേ എല്ലാത്തിലുമുപരിയായി നന്ദി പറയേണ്ട വ്യക്തി വിനീത് ശ്രീനിവാസനാണ്. നിങ്ങള്‍ ഒരു സുഹൃത്തിന് നന്ദി പറയേണ്ട ആവശ്യമില്ല. പക്ഷേ ഇടയ്ക്കെപ്പോഴെങ്കിലും നിങ്ങള്‍ക്കത് ചെയ്യേണ്ടിവരും. അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ലെങ്കിലും. താന്‍ ഈ നേടിയെടുത്തതെല്ലാം വിനീത് കാരണമാണ്. അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാണ് ഷാന്‍ റഹ്മാന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post