അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി ഒരുക്കുന്ന ആക്ഷന്‍ ചിത്രം വിടാമുയര്ച്ചിയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പുറത്ത്. വമ്പന്‍ ബജറ്റിലെത്തുന്ന ചിത്രം ഒരു പഴയ ഹോളിവുഡ് സിനിമയുടെ റീമേക്കാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. 1997-ലെ ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം.
ജോനാഥന് മോസ്റ്റോവ് സഹരചനയും സംവിധാനവും നിര്‍വഹിച്ച അമേരിക്കന്‍ ത്രില്ലറാണ് ബ്രേക്ക്ഡൗണ്‍. ദമ്പതികളായ ജെഫും ആമി ടെയ്ലറും സഞ്ചരിക്കുന്ന കാറിന് ഒരു അപകടമുണ്ടാവുകയും തുടര്‍ന്ന് വാഹനത്തിന് പ്രശ്നം നേരിടുകയും ചെയ്യുന്നു. ന്യൂ മെക്സിക്കോ മരുഭൂമിയില്‍ കുടുങ്ങിപ്പോയ ഇരുവരെയും ട്രക്ക് ഡ്രൈവര്‍ സഹായിക്കാമെന്ന് പറയുകയും ആമിയെ അടുത്തുള്ള ഒരു കഫേയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
ജെഫ് കാര്‍ നന്നാക്കിയെങ്കിലും ആമിയെ അവിടെയെങ്ങും കണ്ടെത്താനാവുന്നില്ല. തുടര്‍ന്ന് ജെഫ് നടത്തുന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയം. അസര്‍ബൈജാനിലെ ഒരു റോഡ് യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോകപ്പെടുന്ന തന്റെ ഭാര്യയെ രക്ഷിക്കാന്‍ അജിത് നടത്തുന്ന ശ്രമങ്ങളാണ് വിടാമുയര്‍ച്ചിയുടെ പ്രമേയം എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.
ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും അതിന് ശേഷം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലൈക്ക പ്രൊഡക്ഷന്‍സ് ഹെഡ് എം കെ എം തമിഴ് കുമരന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്ത് എന്നിവരാണ്.
Discussion about this post