നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയെക്കുറിച്ച് നിര്‍മാതാവും നടനുമായ സുരേഷ് കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. സഹോദരതുല്യമായ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളതെന്നും സിനിമാക്കാര്‍ക്കും അല്ലാത്തവര്‍ക്കും അനുഗ്രഹമാണ് അദ്ദേഹത്തിന്റെ ഈ കേന്ദ്രമന്ത്രി സ്ഥാനമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്തു വച്ച് സുരേഷ് ഗോപിക്കു നല്കിയ സ്വീകരണത്തിലാണ് സുരേഷ് കുമാര്‍ അദ്ദേഹത്തെ പ്രശംസിച്ചത്.
”ഇപ്പോള്‍ പുറത്തു പറയാനാകാത്ത ഒരു വിഷയം നിലവില്‍ ഉണ്ടെന്നു സുരേഷ് ഗോപിയെ അറിയിച്ചിരുന്നു. മിനിസ്ട്രിയില്‍ ഇടപെടണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഞ്ചു മണിക്കൂറിനുള്ളില്‍ ഐടി മന്ത്രാലയത്തില്‍നിന്നും, അരമണിക്കൂറിനു ശേഷം വിജിലന്‍സില്‍ നിന്നും എനിക്ക് വിളി വന്നു. എന്താണ് പ്രശ്നം എന്ന് അവര്‍ കേട്ടു. അത്ര വേഗത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്.
സിനിമയില്‍ അഭിനയിക്കാനെത്തിയത് മുതല്‍ സുരേഷിനെ എനിക്ക് പരിചയമുണ്ട്. സുരേഷിന് ആകെയുള്ളൊരു പ്രശ്നം മുന്‍ശുണ്ഠിയാണ്. ‘തക്ഷശില’ എന്ന സിനിമയുടെ ഷൂട്ടിങ് കുളു മണാലിയിലായിരുന്നു. ആ സെറ്റില്‍ ആര്‍ക്കായാലും ദേഷ്യം പിടിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. ഭക്ഷണം ഒരുപാടു ദൂരെനിന്നുമാണ് ഉണ്ടാക്കി എത്തിക്കുന്നത്.
ഒരു മുന്‍നിര ഹിന്ദി നടനും അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു അവിടം പറ്റാതെ ആകെ പ്രശ്നമായിരിക്കുകയായിരുന്നു. ഇതില്‍ സുരേഷിനും പരാതിയുണ്ടായിരുന്നു. അങ്ങനെ പ്രൊഡക്ഷന്‍ ഭക്ഷണം ഉപേക്ഷിച്ച് സുരേഷ് ഒരു കുറച്ചുമാറി ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം വരുത്തി കഴിക്കാന്‍ തുടങ്ങി.
1984 ലാണ് ബിജെപിയില്‍ ഞാന്‍ അംഗത്വം എടുക്കുന്നത്. മുകുന്ദേട്ടന് സുരേഷ് ഗോപിയെ ഇലക്ഷനില്‍ നിര്‍ത്താന്‍ ആഗ്രഹിച്ചു, ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തിനടുത്ത് എന്നെ പറഞ്ഞുവിടാറുണ്ട്. സുരേഷ് അന്നൊന്നും സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ സുരേഷ് ഗോപി മന്ത്രി ആയപ്പോള്‍ അതുകാണാന്‍ മുകുന്ദേട്ടന് ഇല്ല. അതില്‍ മാത്രം സങ്കടമുണ്ട്. സിനിമാക്കാര്‍ക്കും അല്ലാത്തവര്‍ക്കും അനുഗ്രഹമാണ് സുരേഷിന്റെ ഈ സ്ഥാനം.”-സുരേഷ് കുമാര്‍ പറഞ്ഞു.
Discussion about this post