വലിയ ആരാധകവൃന്ദമുള്ള കൊറിയന്‍ താരമാണ് ഡോണ്‍ ലീ എന്ന് അറിയപ്പെടുന്ന മാ ഡോങ് സീക്. കൊറിയന്‍ ലാലേട്ടനെന്നാണ് മലയാളികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോഴിതാ ഡോണ്‍ ലീ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്്. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ഡോണ്‍ ലീ വില്ലനായി എത്തും എന്നാണ് വാര്‍ത്തകള്‍. അനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റിലാവും ഡോണ്‍ ലീ വില്ലനാവുക.
ചിത്രത്തെ പാന്‍ ഏഷ്യന്‍ ചിത്രമായി റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായാണ് ഡോണ്‍ ലിയെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്. കൂടാതെ കൊറിയന്‍ സ്റ്റണ്ട് കൊറിയാഗ്രാഫറേയും കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടനാണ് ഡോണ്‍ ലീ. സൂപ്പര്‍ ആക്ഷനും മാര്‍ഷ്യല്‍ ആര്‍ട്സുമാണ് താരത്തിന് ലോകശ്രദ്ധനേടിക്കൊടുത്തത്. തുടര്‍ന്ന് മാര്‍വലിന്റെ എറ്റേണല്സിലും താരം വേഷമിട്ടിരുന്നു. ട്രെയിന്‍ ടു ബുസാന്‍, ദി ഗ്യാങ്സ്റ്റര്‍ ദി കോപ് ദി ഡെവിള്‍, ചാമ്പ്യന്‍, ദി ഔട്ട്ലോസ്, ദി ബാഡ് ഗയ്സ്: റീജ്യണ്‍ ഓഫ് കെയോസ് തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.
ആനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രഭാസിന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്ന് നേരത്ത സംവിധായകന് വ്യക്തമാക്കിയിരുന്നു. സന്ദീപിന്റെ മുന്‍ സിനിമകള്‍ പോലെ ആക്ഷന്‍ പ്രധാന്യം നല്‍കിക്കൊണ്ടുള്ളതാകും ചിത്രം. പ്രഭാസിനൊപ്പം ഡോണ്‍ ലീ കൂടെ എത്തുന്നതോടെ സൂപ്പര്‍ ആക്ഷനാവും ചിത്രത്തിലുണ്ടാവുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Discussion about this post