അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പിന്മാറിയിരിക്കുകയാണ് ഇടവേള ബാബു പകരം ആ സ്ഥാനമേറ്റെടുത്തത് നടന് സിദ്ധീഖാണ്. ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് അമ്മയെ നയിക്കാന്‍ തനിക്ക് ധാരാളം വെല്ലുവിളികളും വേദനകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ ഒരു താരത്തില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് ഇടവേള ബാബു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
പുതുതലമുറയിലെ ചിലരുടെ പെരുമാറ്റങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് ഇടവേള ബാബു പറയുന്നത്. ”ഒരു പ്രധാന നടന്റെ മകന്. അദ്ദേഹവും നടനാണ്. അച്ഛന് അമ്മയില്‍ നിന്നും ഇന്‍ഷുറന്‍സ് സഹായവും കൈ നീട്ടവും ഒക്കെ വാങ്ങിയ ആളാണ്. എന്നിട്ടും മകന് നടന് സെറ്റിലിരുന്ന് പറഞ്ഞു, എന്തിനാണ് നമ്മള് അമ്മയില്‍ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ?” ഇടവേള ബാബു പറയുന്നു.
ഇത്തരം ഒരുപാട് അനുഭവങ്ങളുണ്ടെന്നും പക്ഷെ അതൊന്നും തുറന്ന് പറയാനാവില്ലെന്നാണ് ഇടവേള ബാബു പറയുന്നത്. ഒരു വര്‍ഷം മൂന്നു കോടിയോളം അമ്മയ്ക്ക് ചെലവുണ്ട്. അതു കണ്ടെത്തുന്നത് വലിയ ഉത്തരവാദിത്തമാണ്. ഈ ടെന്‍ഷനെല്ലാം പതിവായതോടെ അവ എന്റെ ആരോഗ്യത്തെ ബാധിച്ചു. സൗഹൃദങ്ങളെ ബാധിച്ചു. സുഹൃത്തുക്കള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ എന്നെ കിട്ടാറില്ല. അങ്ങനെ പതുക്കെ പതുക്കെ ഒറ്റപ്പെട്ടു. അതിനൊക്കെ മാറ്റം വരണം എന്ന് തോന്നിത്തുടങ്ങിയെന്നാണ് ഇടവേള ബാബു പറയുന്നത്.
കാല്‍നൂറ്റാണ്ട് ചെറിയ കാലയളവല്ല. 25 വര്‍ഷം മുമ്പുള്ള വയസ്സല്ല എന്റേത്. സ്വാഭാവികമായും ചിന്തകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. മാറ്റം അനിവാര്യമാണ്. പുതിയ തലമുറ വരണം. ഞാന്‍ മാറിയില്ലെങ്കില്‍ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്തോളും എന്ന തോന്നല്‍ അപകടകരമാണ്. ആ ചിന്ത വന്നാല്‍ അമ്മ മുന്നോട്ട് പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post