പ്രശാന്ത് നീല്‍-പ്രഭാസ് ടീമിന്റെ സലാര്‍ 2.വിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും സിനിമാലോകവും ഈ സിനിമയെക്കുറിച്ച് പുറത്തുവരുന്ന അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ സലാര്‍ 2 ആദ്യ ഷെഡ്യൂള്‍ സംബന്ധിച്ച് വലിയ വാര്‍ത്തകളാണ് വരുന്നത്.
ആഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൃഥ്വിരാജ് ആയിരിക്കും സംവിധാനം ചെയ്യുക എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന സിനിമയുടെ തിരക്കുകളിലാണ് പ്രശാന്ത് നീല്‍ എന്നതിനാല്‍ പൃഥ്വി ആദ്യ ഷെഡ്യൂള്‍ ഒരുക്കുക എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയാണ് പൃഥ്വി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സലാര്‍ ഒന്നാം ഭാഗം റിലീസ് ചെയ്തത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗാണ്ടുര്‍, കെ വി രാമ റാവു എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സലാര്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഉറ്റ സുഹൃത്തുക്കള്‍ എങ്ങനെ കൊടും ശത്രുക്കളായി എന്നുള്ളതിലേക്കാണ് ‘സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍’ കഥ പറയുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ചിത്രം അത്തരത്തില്‍ ‘വൈല്‍ഡ്’ ആയ സിനിമാറ്റിക് ലോകമാണ് സമ്മാനിച്ചത്.
ശ്രുതി ഹാസന്, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു തുടങ്ങിയവരും സിനിമയില്‍ അണിനിരന്നു. ഛായാഗ്രഹണം -ഭുവന് ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുര്‍, ആക്ഷന്‍സ്- അന്‍പറിവ്, കോസ്റ്റ്യൂം- തോട്ട വിജയ് ഭാസ്കര്‍, എഡിറ്റര്‍- ഉജ്വല്‍ കുല്‍കര്‍ണി, വി എഫ് എക്സ്- രാഖവ് തമ്മ റെഡ്ഡി തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Discussion about this post