താരസംഘടന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങും തിരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണിപ്പോള് സോഷ്യല്‍ മീഡിയ നിറയെ. അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡന്റെന്ന നിലയില്‍ തന്റെ കാലാവധി അവസാനിക്കുമ്പോള്‍ സന്തോഷവും നന്ദിയുമുണ്ടെന്ന് പറയുകയാണ് നടി ശ്വേത മേനോന്. 2021 മുതല്‍ 2024 വരെ അമ്മയെ സേവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ 25 വര്‍ഷമായി മികച്ച സംഭവനകള്‍ നല്കി അമ്മയെ ഒരു മഹത്തായ സംഘടനയാക്കി മാറ്റുന്നതില്‍ ഇടവേള ബാബുവിന് വലിയ പങ്കുണ്ടെന്നും ശ്വേത കുറിപ്പിലൂടെ പങ്കുവച്ചു. എല്ലാ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞ താരം പുതിയ അംഗങ്ങളുടെ കീഴില്‍ അമ്മ കൂടുതല്‍ കരുത്തയാകട്ടെ എന്ന് ആശംസിച്ചിട്ടുമുണ്ട്.
‘അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കാലാവധി അവസാനിക്കുമ്പോള്‍, ഞാന്‍ അഭിമാനവും നന്ദിയും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങള്‍ നിരവധി ഉയര്‍ച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഞങ്ങളുടെ അമ്മയെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.
ലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്. കഴിഞ്ഞ 25 വര്‍ഷമായി നല്കിയ മികച്ച സംഭാവനകള്‍ക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങള്‍ കാരണം ‘അമ്മ’ ഇപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ അര്‍ഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
Discussion about this post