താര സംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദീഖ്. തന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാന്‍ കാരണമായതെന്നും ഇനി ഇങ്ങനെയൊന്നുണ്ടാകാതെ ശ്രദ്ധിക്കാമെന്നും സിദ്ദീഖ് പറഞ്ഞു.
ഞായറാഴ്ചയാണ് കലൂരിലെ കണ്വന്ഷന് സെന്ററില്‍ ‘അമ്മ’ ജനറല്‍ ബോഡി യോഗം നടന്നത്. രാവിലെ 10 മുതല്‍ 10 മിനിറ്റ് സമയം യോഗം നടക്കുന്ന ഹാളിനുള്ളില്‍ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താന്‍ അനുവദിക്കുമെന്ന് ‘അമ്മ’യില്‍ നിന്നു തന്നെ മുന്‍കൂര്‍ അറിയിപ്പു ലഭിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ യോഗവേദിയില് എത്തിയത്. എന്നാല്‍, വളരെ മോശമായ രീതിയിലായിരുന്നു സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം.
കണ്വന്ഷന് സെന്ററിന്റെ പുറത്തു റോഡില്‍ വച്ചു തന്നെ മാധ്യമങ്ങളെ ബൗണ്സര്മാര് തടയുകയായിരുന്നു പിന്നീട് അവര്‍ മണിക്കൂറോളം സമയം പെരുമഴയത്തു നിര്‍ത്തുകയും ചെയ്തു. ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോഴാണ് ഉള്ളില്‍ കടക്കാന്‍ അനുമതി നല്‍കിയത്. വിളിച്ചുവരുത്തി അപമാനിക്കുന്ന തരത്തിലാണ് തങ്ങളോട് പെരുമാറിയതെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി.
സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പും പുറത്തിറക്കിയിരുന്നു.
Discussion about this post