27 വര്‍ഷത്തിന് ശേഷം കേന്ദ്രമന്ത്രി പദവി നേടി താരസംഘടന അമ്മ’യിലേക്ക് തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിക്ക് വികാരനിര്‍ഭരമായ സ്വീകരണമാണ് സഹപ്രവര്‍ത്തകര്‍ ഒരുക്കിയത്. മോഹന്‍ലാല്‍ അദ്ദേഹത്തിന് ഉപഹാരം നല്കി. ഇടവേള ബാബു അംഗത്വകാര്‍ഡ് കൈമാറി. അതിന് ശേഷം സുരേഷ് ഗോപിയുടെ വികാരനിര്‍ഭരമായ മറുപടി പ്രസംഗവുമുണ്ടായിരുന്നു. അമ്മ സംഘടനയുടെ തുടക്കത്തെയും 1997-ല്‍ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ സംഘടനയുടെ പടിയിറങ്ങിപ്പോകേണ്ടി വന്ന കാര്യത്തെയും കുറിച്ച് മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ച സുരേഷ് ഗോപി തന്റെ അഭിനയജീവിത്തെക്കുറിച്ചും വാചാലനായി.
‘ഓരോ കഥാപാത്രത്തിലൂടെയും ഞാന്‍ വിരിഞ്ഞുവരുകയായിരുന്നു. എന്നിലെ വ്യക്തിയെ മെനഞ്ഞെടുക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി എതിര്‍ഭാഗത്ത് നിന്ന് തല്ലുവാങ്ങിയവര്‍, എനിക്ക് ശക്തി നല്കിയവര്, സോമേട്ടന്, രാജന് പി. ദേവ്, എന്‍.എഫ്. വര്‍ഗീസ്, നരേന്ദ്രപ്രസാദ്… ഒരുപാട് പേരോട് കടപ്പാടുണ്ട്.
അതുപോലെ തന്നെ വ്യക്തിയെന്ന നിലയില്‍ എനിക്ക് ബലം പകര്‍ന്ന കാക്കി എന്ന വേഷത്തെ ആദരവോടെ ഓര്‍ക്കുന്നു. സെറ്റില്‍ ചായ തന്നവരും ഭക്ഷണം കഴിച്ച പാത്രം കഴുകി വൃത്തിയാക്കിയവരുമെല്ലാം എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് വലുതാണ്’- അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലം അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റിനെയും സുരേഷ്ഗോപി സ്മരിച്ചു. ‘വലിയ സ്ഫോടനങ്ങളെ ഏറുപടക്കത്തിന്റെ ശബ്ദത്തിലേക്കൊതുക്കിയ അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റ്. നാളെ സംഘടനയെ നയിക്കുന്നവര്‍ക്ക് പാഠപുസ്തകമാകണം അദ്ദേഹം.’സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Discussion about this post