നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിലുള്ളത്. സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹം. രാഷ്ട്രീയ ജീവിതത്തെ ഒട്ടും ബാധിക്കാത്ത രീതിയില്‍ തന്നെ തന്റെ കരിയറായ സിനിമയെ നിലനിര്‍ത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 18ന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ സിനിമയില്‍ ഓണത്തിനോടുത്തായിരിക്കും താന്‍ ജോയിന്‍ ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.
ബജറ്റ് സെഷന് ശേഷം നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും തന്റെ ഓഫീസിലെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുകയും ചെയ്യും. ഓഫീസിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. നടപ്പില്‍ വരുത്തുകയെന്നത് അവര്‍ ചെയ്തോളും ആ സമയത്ത് താന്‍ സിനിമ ചെയ്യുമെന്നും സുരേഷ് ഗോപി ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒറ്റക്കൊമ്പന് ആണ് ചെയ്യുന്ന ചിത്രങ്ങളിലൊന്ന്. വേറെയും രണ്ട് പ്രോജക്റ്റുകളുണ്ട്. അതില്‍ ഏതാണോ ആദ്യം തയ്യാറാവുന്നത്, ആ സിനിമ ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. താരത്തിന്റെ 66-ാം പിറന്നാളായിരുന്നു ബുധനാഴ്ച. സ്പീക്കര്‍ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പാര്‍ലമെന്റിലായിരുന്നു അദ്ദേഹം ഈ ജന്മദിനം ചെലവഴിച്ചത്.
Discussion about this post