തീയേറ്ററുകളില്‍ വലിയ നേട്ടമുണ്ടാക്കാത്ത സിനിമകളുടെ കളക്ഷന്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മാതാക്കള്‍ക്ക് ശക്തമായ താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഈ പ്രവണത വ്യവസായത്തിന് ദോഷം ചെയ്യുമെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചു.
ഇത്തരത്തില്‍ കളക്ഷന്‍ പെരുപ്പിച്ച് കാണിക്കാന്‍ ഇടനിലക്കാരായി നില്ക്കുന്ന പിആര്‍ ഏജന്‍സിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. കൂടാതെ സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ് നിഷ്കര്‍ഷിക്കുന്നതനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാനും യോ?ഗം തീരുമാനിച്ചു.
ചലച്ചിത്രങ്ങളുടെ ഒടിടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നല്‍കാം എന്ന ഉറപ്പിന്മേല് പില ആളുകള്‍ നിര്‍മ്മാതാക്കളെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം ജിയോ സിനിമയുടെ അധികാരികളുടെ ശ്രദ്ധിയില്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒടിടി അവകാശം വാങ്ങി നല്കാന് ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്നാണ് ജിയോ സിനിമ നല്കിയ മറുപടി.
ഇതിനാല്‍ ഈ വിഷയത്തില്‍ നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് നടത്തിയ സിനിമാക്സ് എന്ന സ്ഥാപനത്തിനെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെയും നിയമപരമായ നടപടികള്‍ കൈക്കൊള്ളാനും നിര്‍മാതാക്കളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Discussion about this post