നടനും തൃശ്ശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് പിതാവിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങള്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗോകുല്‍.
തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി വരുമ്പോള്‍ പോലും അച്ഛന്റെ രാഷ്ട്രീയ കാര്യങ്ങളാണ് പലരും ചോദിക്കുന്നതെന്ന് താരം പറഞ്ഞു 100 ശതമാനം രാഷ്ട്രീയ ജീവിതം ഒരു ഭാരമാണ്. അത് എടുക്കേണ്ടെന്ന് കരുതി മാറിനിന്നാലും നമ്മളെക്കൊണ്ട് എടുപ്പിക്കും. തലയിലേക്ക് വെച്ചുതരും. ഞാന്‍ മാത്രമൊന്നുമല്ല നിരവധിപ്പേരാണ് ഇതിന് കരുവാകുന്നത്.
ബാക്കി സഹോദരങ്ങള്‍ ഇതില്‍ നിന്നൊക്കെ കുറച്ച് അകന്നാണ് നില്‍ക്കുന്നത്. എല്ലാവരും പറഞ്ഞ് ഓവറാക്കിത്തീര്ക്കെണ്ടെന്ന് കരുതിയാണ് തല്ക്കാലം ഞാന്‍ അച്ഛന്റെ റോട്ട് നീലറായി നില്‍ക്കുന്നത്. ഗോകുല്‍ വ്യക്തമാക്കി.
ഗഗനചാരിയാണ് ഗോകുല്‍ സുരേഷിന്റെ തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗഗനചാരി’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയേഴ്സ്’, ‘ജയ് ഗണേഷ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശങ്കര്‍ ശര്‍മ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫീനിക്സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് നിര്‍വ്വഹിച്ചിരിക്കുന്നു.
Discussion about this post