ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഉള്ളൊഴുക്ക് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. തിരക്കഥയില്‍ ലാപത്താ ലേഡീസിനെ പിന്നിലാക്കിയ ഉള്ളൊഴുക്ക് സ്‌ക്രീനിലും ഒരുപടി മുന്നിലാണെന്ന് പറയാം. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളും അവര്‍ കടന്നുപോയ വൈകാരിക മുഹൂര്‍ത്തങ്ങളും അതേപടി നിലനില്‍ക്കുകയാണ്. അതിനാല്‍ വളരെ ഇഫക്ടീവായി തന്നെ ഈ സിനിമ പ്രേക്ഷകരുമായി സംവദിച്ചുവെന്നതില്‍ സംശയമില്ല. സിനിമയുടെ അമരക്കാരന്‍ ക്രിസ്റ്റോ ടോമിയുടെ കെട്ടുറപ്പുള്ള തിരക്കഥയും തന്മയത്വത്തോടെയുള്ള സംവിധാനവും സ്‌ക്രീനില്‍ ഈ ചിത്രത്തിന് കൂടുതല്‍ മിഴിവ് നല്‍കിയിട്ടുണ്ട്. തിരക്കഥയിലുള്ള ഒരോ രംഗങ്ങളും അതിലെ വൈകാരികത ഒട്ടും ചോരാതെ തന്നെ സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ ക്രിസ്റ്റോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കുട്ടനാട്ടിലെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബം. അവിടെയുള്ള സ്‌നേഹമയിയായ അമ്മ ലീലാമ്മ ആ കുടുംബത്തിലേക്ക് ഇഷ്ടത്തോടെയല്ലാതെ മകന്റെ വധുവായി എത്തുന്ന അഞ്ചു എന്ന പെണ്‍കുട്ടി. മകന്റെ മരണവും വെള്ളപ്പൊക്കവും ലീലാമ്മയുടെയും അഞ്ജുവിന്റെയും ജീവിതത്തെ മറ്റൊരു വഴിത്തിരിവിലെത്തിക്കുകയാണ്. അവരുടെ അന്തര്‍ സംഘര്‍ഷങ്ങളിലൂടെയാണ് സിനിമയുടെ യാത്ര. ഇതാണ് സിനിമയുടെ കഥാപരിസരം.
ഇതില്‍ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് എന്നത് പ്രത്യേക പ്രശംസയര്‍ഹിക്കുന്നുണ്ട്. ഈ സിനിമയിലെ ഒരു അഭിനേതാവ് പോലും ആ കഥാപാത്രത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതായി നമുക്ക് തോന്നുന്നില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. പിന്നെ മുഴുവന്‍ സിനിമയിലും നിറഞ്ഞു നില്‍ക്കുന്നത് ഉര്‍വശിയുടെ ലീലാമ്മയായുള്ള പകര്‍ന്നാട്ടമാണെന്ന് പറയാം. അവരുടെ ലീലാമ്മയായുള്ള ശരീരഭാഷയും മാനറിസങ്ങളും ആരെയും അതിശയിപ്പിക്കുന്നതാണ്. ചില രംഗങ്ങളില്‍ മറ്റ് അഭിനേതാക്കളില്‍ നിന്നും ശ്രദ്ധ ഉര്‍വശിയിലേക്ക് കേന്ദ്രീകരിച്ചു പോകുന്നതും അതുമൂലമാണ്. സത്യത്തില്‍ ആരാണ് ലീലാമ്മ എന്ന് അതിശയിപ്പിക്കുന്ന പ്രകടനമാണ് നടി നടത്തിയിരിക്കുന്നത്. ചിലപ്പോള്‍ നമുക്ക് തോന്നും അവരെപ്പോലെ സ്‌നേഹമയിയായ അമ്മയില്ലെന്ന് എന്നാല്‍ അടുത്ത സീനില്‍ വളരെ സ്വാര്‍ത്ഥമതിയാണെന്നും തോന്നും ഈ കഥാപാത്രശൈലി അല്‍പ്പം പോലും ഓവറാകാതെ നടി സ്‌ക്രീനില്‍ അവതരിപ്പിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.
പാര്‍വതി അവതരിപ്പിച്ച അഞ്ജുവും അങ്ങനെ തന്നെ. ഇഷ്ടമില്ലാതെയാണ് വിവാഹിതയായി ഈ കുടുംബത്തിലേക്ക് വരേണ്ടി വരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണം വരെ ഒരു നല്ല മരുമകള്‍ എന്ന മുഖം മൂടി ഈ കഥാപാത്രം കൊണ്ടു നടക്കുന്നുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ മാറുമ്പോള്‍ അത്തരമൊരു ഇമേജില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ നിര്‍ബന്ധിതയാകുകയാണ്. ഈ മാറ്റത്തെയും അവര്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളെയും പാര്‍വതി അനായാസമായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.
സിനിമയിലെ പ്രശാന്ത് മുരളിയുടെ പെര്‍ഫോമന്‍സും വളരെ മികച്ചതാണ്. അല്‍പ്പസമയം മാത്രമേ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് സ്‌ക്രീന്‍ സ്‌പേസ് ഉള്ളുവെങ്കിലും അതിലെ ഒരു രംഗത്തില്‍ പ്രശാന്ത് നടത്തുന്ന ഒരു പെര്‍ഫോമന്‍സുണ്ട്. ആ ഒരൊറ്റ രംഗം മതി. അദ്ദേഹത്തിലെ നടന്റെ കഴിവ് അറിയാന്‍.
മറ്റൊരു മികച്ച പ്രകടനം നടത്തിയത് പാര്‍വതിയുടെ കഥാപാത്രതിന്റെ കാമുകനായി വേഷമിട്ട അര്‍ജുന്‍ രാധാകൃഷ്ണന്റേതാണ്. മികച്ച പ്രകടനം തന്നെയാണ് അര്‍ജുന്‍ നടത്തിയിരിക്കുന്നത് . അതുപോലെ തന്നെ അലന്‍സിയര്‍ ചിത്രത്തില്‍ വേഷമിട്ട മറ്റ് അഭിനേതാക്കളെല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.
മികച്ച ദൃശ്യമികവും ഈ സിനിമയുടെ കാര്യത്തില്‍ എടുത്തുപറയേണ്ടതാണ്. എഡിറ്റിംഗും ആര്‍ട്ടുമൊക്കെ ചെയ്ത ടീം മുഴുവന്‍ സിനിമയ്ക്ക് ലഭിക്കുന്ന പ്രശംസയ്ക്ക് അര്‍ഹതയുള്ളവരാണ്. അവരുടെയൊക്കെ കൂട്ടായ പരിശ്രമം ഈ സിനിമയെ മറ്റൊരു തലത്തിലെത്തിച്ചുവെന്ന് പറയാം. ക്യാമറ വര്‍ക്ക് ഗംഭീരമാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഷെഹനാദ് ജലാലിനെയും എഡിറ്റര്‍ കിരണ്‍ ദാസിനെയും എടുത്തു പറയേണ്ടി വരും. അടുത്തത് മ്യൂസിക്കാണ് ഈ സിനിമയില്‍ മ്യൂസികിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഒരോ രംഗത്തിലെയും ഭാവങ്ങളെയും ഇമോഷന്‍സിനെയും ഉള്‍ക്കൊള്ളാനും അത് പ്രേക്ഷകരിലേക്കെത്തിക്കാനും സുഷിന്‍ ശ്യാമിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.
മൊത്തത്തില്‍ അതിശയിപ്പിക്കുന്ന ഒരു സിനിമയാണ് ഉള്ളൊഴുക്ക് . പേര് പോലെ തന്നെ കഥാപാത്രങ്ങളുടെ അവരുടെ വൈകാരിക തലങ്ങളിലെ ഉള്ളൊഴുക്കുകളാണ് ഈ സിനിമ.
ജ്യോതിസ് മേരി ജോണ്‍
Discussion about this post