ദളപതി വിജയ്യുടെ അമ്പതാം പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. ആഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കൈയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു
കുട്ടിക്ക് പുറമേ സ്റ്റേജില്‍ നിന്ന ഒരാള്‍ക്കും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് വിവിധയിടങ്ങളില്‍ ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം ആണ് ദളപതി വിജയ് നായകനായി വരാനിരിക്കുന്ന ചിത്രം.
സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയായാണ് ഗോട്ട് തിയറ്ററുകളിലെത്തുന്നത്. ഇരട്ട വേഷത്തിലാണ് വിജയ് എത്തുകയെന്നാണ് വിവരം. സെപ്റ്റംബര്‍ 5 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രശാന്ത്, മീനാക്ഷി ചൗധരി, മൈക്ക് മോഹന്‍, സ്നേഹ, ലൈല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അതേസമയം, ഗംഭീര പിറന്നാള്‍ ആഘോഷം ഇപ്രാവശ്യം വേണ്ടെന്നു വച്ചിരിക്കുകയാണ് ദളപതി വിജയ്. കഴിഞ്ഞ ദിവസം അദ്ദേഹം വിഷമദ്യ ദുരന്തത്തില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ 40-ലധികം പേര് വിഷമദ്യം കഴിച്ച് മരിച്ചിരുന്നു. ഈ ദൗര്‍ഭാഗ്യകരമായ സംഭവം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കള്ളക്കുറിച്ചി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും ദുരന്തസമയത്ത് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിനുമായി വിജയ് തിയേറ്ററുകള്‍ക്ക് പുറത്തുള്ള ജന്മദിനാഘോഷങ്ങള് നിര്‍ത്തിവെക്കുകയും കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Discussion about this post