പന്ത്രണ്ട് വര്‍ഷത്തോളം സിനിമമേഖലയില്‍ നിന്ന് വിലക്ക് നേരിട്ട സംവിധായകനാണ് വിനയന്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അദ്ദേഹം കേസ് വിജയിക്കുകയും ചെയ്തിരുന്നു. 2020 ലാണ് വിനയന്റെ നിലപാടുകളെ ശരി വച്ചു കൊണ്ടുള്ള ആ സുപ്രധാന വിധി ഉണ്ടാവുന്നത്. നാലു വര്‍ഷം മുന്‍പ് വിധി വന്നതിന് ശേഷം അദ്ദേഹം പുതിയ സിനിമകളുമായി പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ താന്‍്. അടുത്തതായി ചെയ്യാന്‍ പോവുന്ന സിനിമകളെ കുറിച്ചും കഴിഞ്ഞ കാലത്ത് നടന്നതിനെ കുറിച്ചുമൊക്കെ വിനയന് പറയുന്നു.
വിനയന്റെ വാക്കുകള്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിപ്ളവകരമായ ഒരു വിധി ഉന്നത നീതി പീഠമായ സുപ്രീം കോടതി യുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ട് നാലുവര്‍ഷം ആകുകയാണ്. 2020 ലാണ് സിനിമയില്‍ ഞാനെടുത്ത നിലപാടുകളെ ശരിവച്ചു കൊണ്ടുള്ള ആ സുപ്രധാന വിധി ഉണ്ടായത്.
ജസ്റ്റീസ് നരിമാന്,ജസ്റ്റീസ് നവീന്‍ സിന്‍ഹ,
ജസ്റ്റീസ് കെ എം ജോസഫ് എന്നിവരാണ് ഇന്ത്യന്‍ കോമ്പറ്റീഷന് കമ്മീഷന്റെ വിധിക്കെതിരെ കൊടുത്ത അപ്പീല്‍ തള്ളിക്കൊണ്ട് ചരിത്ര പരമായ വിധി പ്രഖ്യാപിച്ചത്. ഒരു പതിറ്റാണ്ടില്‍ കൂടുതല്‍ എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാന്‍ രഹസ്യ വിലക്കുമായി നടന്ന ശ്രീ ബി ഉണ്ണികൃഷ്ണനും, പരേതനായ ശ്രീ ഇന്നസെന്റും ഉള്‍പ്പടെ വിലക്കിനു ചുക്കാന്‍ പിടിച്ച നിരവധി പ്രമുഖ സിനിമാ പ്രവര്‍ത്തകരും അവരുടെ സംഘടനകളും ചേര്‍ന്ന് ലക്ഷക്കണക്കിനു രൂപ പെനാല്‍റ്റി അടക്കേണ്ടി വന്ന ശിക്ഷ ലോകസിനിമാ രംഗത്തു തന്നെ ആദ്യമാണന്നു തോന്നുന്നു..
കേരളത്തിലെ സിനിമാ മേധാവിത്വത്തിന്റെ ശക്തിമൂലം നമ്മുടെ മീഡിയകള്‍ക്ക് നല്ല ലിമിറ്റേഷന്‍ ഉള്ളതു കൊണ്ട് ആചരിത്ര പരമായ വിധി ഇവിടെ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്തില്ലന്നതാണ് സത്യം. ഇന്നും നമ്മുട മീഡിയകളില്‍ ബഹുമാന്യനായ നടന് തിലകന്‍ചേട്ടനെ രണ്ടു വര്‍ഷം സിനിമാസംഘടനകള്‍ വിലക്കിയതിനെപ്പറ്റി പറയുമ്പോഴും, പന്ത്രണ്ടു വര്‍ഷം ആ വിലക്കിനെ നേരിട്ടു കൊണ്ട് സുപ്രീം കോടതി വരെ പോയി ഫൈറ്റ് ചെയ്ത് ശിക്ഷ വാങ്ങിക്കൊടുത്ത് തിരിച്ച് ഇന്‍ഡസ്ട്രിയില്‍ വന്ന ഒരു ചലച്ചിത്രകാരന്റെ സ്ട്രഗിള്‍ പലരും ചര്‍ച്ചകളില്‍ തമസ്കരിക്കാന്‍ ശ്രമിക്കുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്..
ഞാനുമായുള്ള ബന്ധം തിലകന് ചേട്ടന്റെ വിലക്കിനും, തിലകന് ചേട്ടനുമായുള്ള ബന്ധം എന്റെ വിലക്കിനും പരസ്പരം കാരണമായിരുന്നു എന്നത് പലര്‍ക്കും അറിയാമെന്ന് തോന്നുന്നില്ല. തിലകന് ചേട്ടന് അവസരം കൊടുക്കാതെ മാറ്റി നിര്‍ത്തിയതു കൂടി ചൂണ്ടിക്കാട്ടിയാണ് ഞാന്‍ കേസിനുപോയത്. 89 പേജുള്ള വിധിന്യായത്തില്‍ അതു വിശദമായി പറയുന്നുമുണ്ട്.
തിലകന് ചേട്ടന് മരിച്ചു പോയതു കൊണ്ടായിരിക്കും പ ലപ്പോഴും മീഡിയകള്‍ അദ്ദേഹം നേരിട്ട വിലക്ക് ചര്‍ച്ച ചെയ്യുന്നത്. ചിലപ്പോള്‍ എന്റെ മരണ ശേഷം മലയാള സിനിമയില്‍ ഒരു വ്യാഴ വട്ടക്കാലത്തോളം ഞാനനുഭവിച്ച ഊരു വിലക്കിനേപ്പറ്റി ചാനലുകളില്‍ സ്റ്റോറികള്‍ വന്നേക്കാം..
2007 ല്‍ തുടങ്ങിയ വിലക്കിനെതിരെ വിധി വന്നശേഷം 2020ല്‍ മാത്രമാണ് മനസ്സിന് ഇഷ്ടം പോലെ ഒരു സിനിമ ഷുട്ടിംഗ് തുടങ്ങാന്‍ കഴിഞ്ഞത്..
2022 ല്‍ റിലീസ് ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എനിക്കു കിട്ടിയ ആ സ്വാതന്ത്യം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ട ഒരു സിനിമ ആയിരുന്നു എന്ന് ആ ചിത്രത്തെ പറ്റി നടന്ന നിരൂപണങ്ങളില്‍ നിന്നും മനസ്സിലാകുന്നതാണ്.
അടുത്ത കാലത്തിറങ്ങിയ ചരിത്ര സിനിമകളേക്കാള്‍ ഒക്കെ മികച്ച നിലവാരം പുലര്‍ത്തിയ സിനിമയായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ഒരു ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ ആ ചര്‍ച്ചക്കു തടയിടാനാണ് ഇവിടുത്തെ ചില പ്രഗത്ഭ സിനിമാക്കാരും അവരുടെ കൂടെ ഉള്ളവരും ശ്രമിച്ചത്, ഞാനത് കാര്യമാക്കിയില്ല.. പക്ഷേ.. അതിനു ശേഷം വന്ന ചില പ്രോജക്ടുകള്‍ക്കു ചുറ്റും പഴയ ഊരു വിലക്കിന്റെ കാണാപ്രേതങ്ങള്‍ കറങ്ങി നടക്കുന്നുണ്ടന്ന്
ഇപ്പോ ഞാന്‍ മനസ്സിലാക്കുന്നു..
കൃത്യമായി ആ പ്രേതങ്ങളുടെ ചെവിക്കു പിടിച്ച് പ്രേക്ഷകര്‍ക്കു മുന്നില്‍ തെളിവു സഹിതം
വിചാരണക്ക് എത്തിക്കുന്നതായിരിക്കും.. താമസിയാതെ..
അപ്പോള്‍ ശിക്ഷ പഴയ പെനാല്‍റ്റി ആയിരിക്കില്ല..
മറ്റൊരു മികച്ച സിനിമയുമായി നിങ്ങള്‍ക്കു മുന്നില്‍ ഉടന്‍ തന്നെ എത്തും..
റിലീസ് 2025 ലെ കാണൂ.
അതിനു ശേഷമായിരിക്കും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം..
സിനിമാ പ്രവര്‍ത്തകര്‍ സിനിമയിലൂടെ കഴിവു കാണിക്കുക.. അല്ലാതെ രാഷ്ട്രീയക്കാര്‍ ഇന്നു കാണിക്കുന്ന സ്വജന പക്ഷപാതം പോലെ പിന് വാതിലില്‍ നിന്നു കളിക്കാതിരിക്കുക…
Discussion about this post