‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രം കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിക്ക് മേല്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സിനിമാമേഖലയില്‍ നടക്കുന്ന കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. ഇതു സംബന്ധിച്ച് രണ്ടു നിര്‍മാതാക്കള്‍ കൂടി ഇ.ഡിക്ക് മുന്‍പാകെ വിവരങ്ങള്‍ സമര്‍പ്പിച്ചു.
കളക്ഷന്‍ ഉള്ളതിനും മുകളില്‍ വന്‍തുകയായി ഉയര്‍ത്തിക്കാണിച്ചും, സിനിമയ്ക്ക് റേറ്റിങ് കൂടിയെന്ന പ്രതീതിയുണ്ടാക്കി് പ്രേക്ഷകരെ തന്ത്രപൂര്‍വ്വം തിയേറ്ററില്‍ എത്തിക്കാനും ഒരു ലോബി പ്രവര്‍ത്തിക്കുന്നതായി ഇവര്‍ കൈമാറിയ വിവരത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിനിമ റിലീസാകും മുമ്പേ അവരുടെ കൈവശമെത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ സൗജന്യ ടിക്കറ്റുകളില്‍ തുടങ്ങുകയാണ് ലോബിയുടെ പ്രവര്‍ത്തനം.ഇതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളാണുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉദ്ദേശത്തില്‍ എത്തുന്ന ചിത്രങ്ങളില്‍ ഇവരുടെ പങ്കാളിത്തമുണ്ടാകും. ഇത്രയും സിനിമയുടേതായി വിറ്റുപോയ ടിക്കറ്റുകള്‍ എന്ന് കാണിക്കുന്നതാണ് അടുത്ത പടി. ലോബിയുമായി സഹകരിക്കാത്ത നിര്‍മാതാക്കളുടെ സിനിമകള്‍ തിയേറ്ററില്‍ നിന്നും പുറത്താക്കാനും ഇവര്‍ പരമാവധി ശ്രമിക്കും.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും കള്ളക്കളി നടക്കുന്നതായി ഇ.ഡിക്ക് മുന്‍പാകെ ലഭിച്ച പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്‍പ് ഹൗസ്ഫുള്ളായി കാണിക്കുന്ന സ്ക്രീനുകള്‍ പകുതിയിലേറെ ഒഴിഞ്ഞു കിടക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് പരാതി.
അതേസമയം, കള്ളപ്പണം വെളുപ്പിക്കുന്നതിനായി ടിക്കറ്റ് കളക്ഷന്‍ കണക്കുകള്‍ പെരുപ്പിച്ചുകാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ നിര്‍മ്മിച്ച എല്ലാ വിജയ ചിത്രങ്ങളുടെയും നിര്‍മ്മാണച്ചെലവ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി ഇപ്പോള്‍.
കേരളത്തിലെ തിയേറ്റര്‍ മേഖലയില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് രണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇഡിക്ക് വിവരങ്ങള്‍ നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
Discussion about this post