തമിഴകത്തിന്റെ മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ മഹാരാജ തീയേറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. സിനിമയുടെ വിജയാഘോഷങ്ങള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. ഈ പരിപാടിക്കിടെ തന്റെ സിനിമാ കരിയറിലുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്.
ഞാന്‍ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്ത സമയത്ത് എന്റെ പടമുള്ള പോസ്റ്റര്‍ വെച്ചാല്‍ തിയേറ്ററില്‍ ആളുകള്‍ കേറില്ല എന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ഈ സിനിമ ആ സീന്‍ മാറ്റിയെഴുതുകയാണ്, അന്നത്തെ ആളുകളുടെ സംശയത്തിനുള്ള മറുപടികൂടിയാവുകയാണ്, വിജയ് സേതുപതി പറഞ്ഞു. എന്നാല്‍ ഏത് ചിത്രത്തിന്റെ റിലീസ് സമയത്താണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത് എന്നോ ആരാണ് അത് പറഞ്ഞത് എന്നോ താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, നിഥിലന്‍ സ്വാമിനാഥന് സംവിധാനം ചെയ്ത മഹാരാജ, ആഗോള ബോക്സ് ഓഫീസില്‍ 50 കോടിയിലേക്ക് അടുക്കുകയാണ്. സാക്നില്‍ക്കിന്റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ 46 കോടി പിന്നിട്ട് കഴിഞ്ഞു. ഇതില്‍ 30 കോടിയും തമിഴ്നാട്ടില്‍ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 40 കോടിയും ചിത്രം സ്വന്തമാക്കി. ഇന്നത്തെ കണക്ക് കൂടി പുറത്തു വരുമ്പോള്‍ 50 കോടി പിന്നിടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കുപ്പത്തൊട്ടി കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തുന്ന ബാര്‍ബറുടെ വേഷമാണ് വിജയ് സേതുപതി ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. എന്താണ് ഈ പരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നതും, തുടര്‍ന്നുണ്ടാവുന്ന സസ്പെന്‍സ് നിറഞ്ഞ കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഉള്ളടക്കം.
Discussion about this post