സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന അല്ലു അര്ജുന് ചിത്രമാണ് ‘പുഷ്പ-2’. എന്നാല്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഈ സിനിമയുടെ റിലീസ് വീണ്ടും നീളുമെന്നാണ് പുറത്തുവരുന്ന വിവരം. ആഗസ്റ്റ് 15-ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് നേരത്തെ തന്നെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ സിനിമയുടെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബര്‍ ആറിനായിരിക്കും റിലീസ് എന്നാണ് പുതിയ വിവരം. അല്ലു അര്ജുന് പുതിയ തീയതി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കമുള്ള പ്രശ്നങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാര്‍ സൂചിപ്പിച്ചിരുന്നു.
ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളും കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ സിനിമയ്ക്ക് പുതിയ റിലീസ് തീയതി പുറത്തുവിട്ടതിന് പിന്നാലെ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
‘ഇതെന്താ തമാശയാണോ? ഞങ്ങളെ പരിഹസിക്കാമെന്ന് കരുതിയോ, വികാരത്തെ തൊട്ട് കളിക്കുന്നോ ? പുഷ്പ ആരാധകരെ പ്രതിനിധീകരിച്ച് സിനിമ എത്രയും വേഗം റിലീസ് ചെയ്യാന്‍ ഞാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യു’മെന്നാണ്- രോഷത്തോടെ ഒരു ആരാധകന് കുറിച്ചിരിക്കുന്നത്.
‘ ഇത് എത്രാമത്തെ തവണയാണ് നിങ്ങള്‍ തീയതി മാറ്റുന്നത്. ഇത് ഒട്ടും ശരിയല്ല’ എന്നാണ് മറ്റൊരു ആരാധകന്റെ പരാതി. എഡിറ്റര്‍ ആന്റണി റൂബനായിരുന്നു പുഷ്പ സിനിമയുടെ ആദ്യ ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും എഡിറ്റര്‍. എന്നാല്‍ പുഷ്പ 2 വില്‍നിന്ന് ആന്റണി റൂബന്‍ പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആരാധകരും നിരാശയിലാരുന്നു. ഇതിനകം തീയറ്റര്‍ റൈറ്റ്സുകളും, ഒടിടി, ഓഡിയോ വില്‍പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില്‍ 200 കോടിയുടെ വിതരണ കരാര്‍ ചിത്രത്തിന് ലഭിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന പുഷ്പ 2-വില്‍ അല്ലു അര്ജുന്, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്ജുന് എത്തുമ്പോള്‍ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.
Discussion about this post