കല്‍ക്കി 2898 എഡിയിലെ പുതിയ ഗാനം പുറത്ത്. പ്രശസ്ത ബോളിവുഡ് – പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. സന്തോഷ് നാരായണന് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഗാനമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.
തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഈ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സ്വീകരണമാണ് ഗാനത്തിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. കല്‍ക്കിയുടെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ബുജ്ജി ആന്‍ഡ് ഭൈരവ എന്ന ആമസോണ്‍ പ്രൈം വീഡിയോ ആനിമേഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍ 27-നാണ് ചിത്രം തിയറ്ററുകളിലെത്തുക.
വൈജയന്തി മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.
ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്.
View this post on Instagram
Discussion about this post