നടന് സല്മാന് ഖാനെ കൊലപ്പെടുത്തുമെന്ന് യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബന്‍വാരിലാല്‍ ലതുര്‍ലാല്‍ ഗുജാര്‍ എന്ന 25കാരനെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘Are Chhodo Yar’ എന്ന ചാനലിലാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍ ബിഷ്ണോയ് സംഘത്തെ കുറിച്ച് ചര്‍ച്ച ചെയ്ത ഇയാള്‍ സല്മാന് ഖാനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്തതാണ് കേസെടുക്കാന്‍ കാരണം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി ഒരു സംഘത്തെ രാജസ്ഥാനിലേക്ക് അയക്കുകയും, ഉടന്‍ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മുംബൈയിലെ സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സല്മാന് ഖാന്റെ ബാന്ദ്രയിലെ വീട്ടിലുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് സല്മാന് ഖാനും സഹോദരന് അര്‍ബാസ് ഖാനും പൊലീസില്‍ മൊഴി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് യൂട്യൂബില്‍ യുവാവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഏപ്രില്‍ 14നാണ് സല്മാന് ഖാന്റെ ഉടമസ്ഥതയിലുള്ള ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് വെടിവയ്പ്പ് നടന്നത്. സംഭവത്തെ തുടര്‍ന്ന് നടന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 1998-ല്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വെടിവച്ചതിന് ശേഷം സല്മാന് ഖാനെതിരെയുള്ള ഭീഷണി ബിഷ്ണോയി സംഘം തുടര്‍ന്നുവന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post