ജീവിതത്തില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടിയുമായി തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ‘മിസ് ചെയ്യുന്നതാരെ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്നെത്തന്നെയാണ് മിസ് ചെയ്യുന്നത്. വളരെ നിഷ്‌കളങ്കനും വലിയ സ്വപ്നങ്ങളൊന്നും ഇല്ലാത്ത ഒരു പയ്യന്‍ ഉണ്ടായിരുന്നു.. അവന്‍ കോളേജില്‍ പഠിക്കുമ്പോള്‍, രണ്ടാം വര്‍ഷത്തെ സിലബസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു.
ആ പയ്യന്‍ സ്‌പോര്‍ട്‌സിലോ പഠനത്തിലോ മിടുക്കനായിരുന്നില്ല. എനിക്ക് കാമുകി പോലും ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ നാണക്കാരനായിരുന്നു. പക്ഷേ, ജീവിതത്തില്‍ വളരണമെന്നും വലുതായി എന്തെങ്കിലും ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആ ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തണമെന്നോ അതെങ്ങനെ നേടിയെടുക്കണമെന്നോ അറിയില്ലായിരുന്നു. ദാരിദ്ര്യത്തില്‍ നിന്ന് കരകയറുക, അത് മാത്രമായിരുന്നു ലക്ഷ്യം. ആ മനുഷ്യന്‍ നിഷ്‌കളങ്കനായിരുന്നു. ആ എന്നെ എനിക്ക് നഷ്ടമായി,’ വിജയ് സേതുപതി പറഞ്ഞു.
കോളേജില്‍ പഠിക്കുന്ന സമയത്ത്, സെയില്‍സ്മാമായും കാഷ്യറായും, ഫോണ്‍ ബൂത്തില്‍ ഓപ്പറേറ്ററായും ജോലി ചെയ്തിട്ടുണ്ടെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ സേതുപതി പറഞ്ഞിരുന്നു. കൊമേഴ്‌സില്‍ ബിരുദം നേടിയ ശേഷം, ഇന്ത്യയില്‍ കിട്ടുന്ന ശമ്പളത്തേക്കാള്‍ നാലിരട്ടി ശമ്പളം കിട്ടിയതുകൊണ്ട്, അക്കൗണ്ടന്റായി ദുബായിലേക്ക് മാറി. എന്നാല്‍ പിന്നീട് ജോലിയില്‍ തൃപ്തി തോന്നാതെയായപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും താരം പറഞ്ഞിരുന്നു.
2003ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സേതുപതി വിവാഹം കഴിക്കുകയും, സുഹൃത്തുക്കളോടൊപ്പം ഇന്റീരിയര്‍ ഡെക്കറേഷന്‍ ബിസിനസ് ആരംഭിക്കുകയും ചെയ്തു. ബിസിനസ്സ് പച്ചപിടിച്ചിരുന്നെങ്കില്‍, ഒരിക്കലും ഒരു നടനാകില്ലായിരുന്നെന്ന് സേതുപതി ഫോര്‍ബ്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Discussion about this post