ഇന്ത്യന്‍ സിനിമകള്‍ കളക്ഷനില്‍ കുതിക്കുന്നതിനൊപ്പം നായകനിരയിലുള്ളവരുടെ പ്രതിഫലത്തുകയിലും ഗണ്യമായ മാറ്റങ്ങള്‍ വരുന്നുണ്ട്. ഇന്ത്യന്‍ സിനിമാരംഗത്തെ ഏറ്റവും വിലയേറിയ പുരുഷ താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം 200 കോടിയും കടന്നു പോയിരിക്കുകയാണ്് ഇപ്പോള്‍. ബിസിനസ് ഇന്‍സൈഡര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ താരം ഷാരൂഖ് ഖാനാണ്.
ഒരു സിനിമയ്ക്ക് ഏകദേശം 150 കോടി മുതല്‍ 250 കോടി വരെയാണ് നടന് പ്രതിഫലമായി വാങ്ങുന്നത്. ഷാരൂഖ് പത്താന്, ജവാന് ചിത്രങ്ങളില്‍ 100 കോടിക്കുമുകളില്‍ പ്രതിഫലം വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്താണുള്ളത്. 150 മുതല്‍ 210 കോടിവരെയാണ് ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം. താരത്തിന്റെ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം ജയ്ലര്‍ ആഗോളതലത്തില്‍ 600 കോടിയ്ക്കു മുകളില്‍ നേടിയിരുന്നു. 210 കോടിയാണ് ജയിലറിനായി രജനികാന്ത് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാം സ്ഥാനത്തില്‍ തമിഴ് നടന് വിജയ് ആണുള്ളത്. 130 മുതല്‍ 200 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. വിജയുടെ ഒടുവില്‍ റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രം ലിയോ 574 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്. 120 കോടിയാണ് ചിത്രത്തില്‍ വിജയുടെ പ്രതിഫലം. നാലാം സ്ഥാനത്ത് തെന്നിന്ത്യന്‍ താരം പ്രഭാസ് ആണുള്ളത്. 100 മുതല്‍ 200 കോടി വരെയാണ് പ്രഭാസിന്റെ പ്രതിഫലം.
പ്രഭാസിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കല്‍ക്കിയില്‍ 150 കോടി രൂപയാണ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഞ്ചും ആറും സ്ഥാനത്തുള്ള ആമിര്‍ ഖാനും സല്മാന് ഖാനും നൂറു മുതല്‍ 175 കോടി വരെയാണ് പ്രതിഫലം.
കമല്‍ ഹാസന് 150 കോടിയും എട്ടാം സ്ഥാനത്തുള്ള അല്ലു അര്ജുന് 125 കോടിയുമാണ് വാങ്ങുന്നത്. അക്ഷയ് കുമാര്‍ 60 മുതല്‍ 145 കോടി വരെയും തമിഴ് നടന് അജിത്ത് കുമാര്‍ 105 കോടിയുമാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.
Discussion about this post