പുഷ്പയ്ക്ക് പിന്നാലെ അടുത്തതായി അറ്റ്ലിയുടെ ചിത്രം ചെയ്യുമെന്നാണ് അല്ലു അര്ജ്ജുന് തീരുമാനിച്ചിരുന്നത്. ജവാന് എന്ന മെഗാ ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു ഇത്. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കാനിരുന്നത്. എന്നാല്‍ ഇപ്പോള്‍ അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്സ് ഈ ചിത്രം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാന കാരണമായി പറയുന്നത് പ്രതിഫലം തന്നെയാണ്.
അല്ലുവും അറ്റ്ലിയും ചേര്‍ന്ന് റെക്കോര്‍ഡ് തുകയാണ് സിനിമയ്ക്കായി പ്രതിഫലം ആവശ്യപ്പെട്ടത്. അറ്റ്ലി ഈ ചിത്രത്തിനായി 3 തവണ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡിലെ ഇപ്പോഴത്തെ ഇന്‍ഡസ്ട്രി ഹിറ്റായ ജവാന് ആയിരം കോടിയിലേറെ നേടിയതോടെ അറ്റ്ലിയുടെ മാര്‍ക്കറ്റ് വളര്‍ന്നിരിക്കുകയാണ്. രാജമൗലിക്ക് തുല്യമായ പ്രതിഫലമാണ് അറ്റ്ലി ആവശ്യപ്പെട്ടത്.അറുപത് കോടിയാണ് അറ്റ്ലി അല്ലു അര്ജുന് ചിത്രത്തിനായി ആദ്യം വാങ്ങാനിരുന്നത്. ഇത് 65 കോടിയായി ഉയര്‍ന്നു. പിന്നീട് 80 കോടി വരെ പ്രതിഫലമെത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അല്ലു അര്ജുന് ഈ ചിത്രത്തിനായി 150 കോടി രൂപ വരെ പ്രതിഫലമായി ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധായകനുമായി നിര്‍മാതാക്കള്‍ക്ക് പ്രതിഫല കാര്യത്തില്‍ യോജിക്കാനായിട്ടില്ലെന്ന് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്നു അര്ജുന്-അറ്റ്ലി കോംബോയില്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി അറ്റ്ലി പല തവണ അല്ലുവുമായി കൂടിക്കാഴ്ച നടത്തുകയും കഥ പറയുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഷാരൂഖ് ഖാന് നായകനായ ജവാനാണ് അറ്റ്ലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എസ് ആര് കെ ഇരട്ടവേഷങ്ങളിലെത്തിയ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായികാ വേഷത്തിലെത്തിയത്. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് ജവാന് നിര്‍മ്മിച്ചത്. ദീപിക പദുകോണ്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തില്‍ 1000 കോടിയിലധികം രൂപയാണ് ചിത്രം കലക്ട് ചെയ്തത്.
Discussion about this post