2024 മലയാള സിനിമയുടെ ഭാഗ്യവര്ഷമാണെന്നാണ് നിരൂപകര്‍ അവകാശപ്പെടുന്നത്. 2024 ല്‍ അഞ്ച് മാസം പിന്നിടുമ്പോള്‍ നിരവധി ഹിറ്റുകള്‍ പിറന്ന മലയാള സിനിമകളുടെ ലോകമെമ്പാടുമുള്ള കളക്ഷന്‍ 1000കോടി നേടിയിരിക്കുകയാണ്. ആകെ വരുമാനത്തിന്റെ 55 ശതമാനവും നല്കിയതാകട്ടെ മൂന്ന് സിനിമകളും. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം എന്നീ സിനിമകള്‍ 51 കോടി രൂപയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി. ഇപ്പോഴിതാ മലയാള സിനിമയുടെ ഈ വിജയരഹസ്യത്തെക്കുറിച്ച് ചോദിച്ച തമിഴ് സിനിമാ അണിയറപ്രവര്‍ത്തകരോട് പറഞ്ഞ ഉത്തരം വെളിപ്പെടുത്തിയിരിക്കുകയാണ് നടന് ബിജു മേനോന്.
ഇപ്പോള്‍ ഞാന്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെറ്റിലുള്ളവരെല്ലാം മലയാളസിനിമയുടെ ഈ വര്‍ഷത്തെ കുതിപ്പുകണ്ട് കൊതിച്ചുനില്ക്കുകയാണ്. എന്താണ് ഈ തുടര്‍ച്ചയായ വിജയത്തിന്റെ ട്രിക്ക് എന്നാണ് അവരെന്നോട് ചോദിക്കുന്നത്. അവരോട് ഞാന്‍ പറഞ്ഞത് കഥയാണ് മലയാളത്തിലെ ഹീറോ എന്നാണ്.
ഹിന്ദിയും തമിഴും തെലുഗും കന്നടയുമൊക്കെ നോക്കുമ്പോള്‍ അവരേക്കാള്‍ ഏറെ ബജറ്റ് ലിമിറ്റേഷനുള്ള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. അതിനാല്‍ ചെറിയ ബജറ്റില്‍ മികച്ച കഥകള്‍ പറയാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് മറുപടി നല്കി. ബിജുമേനോന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ബിജു മേനോന്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നടന്ന സംഭവം’ ജൂണ്‍ 21ന് തീയേറ്ററുകളിലെത്തുകയാണ്.. ഡ്രൈവിങ് ലൈസന്‍സിന് ശേഷം, നായക പ്രാധാന്യമുള്ള പ്രതിനായക കഥാപാത്രമായാണ് സുരാജ് ചിത്രത്തില്‍ എത്തുന്നത്.
കോമഡിയും സസ്പെന്‍സും നിറഞ്ഞ ചിത്രത്തില്‍ ഉണ്ണിയെന്ന കഥാപാത്രത്തെയാണ് ബിജു മേനോന് അവതരിപ്പിക്കുന്നത്. സംവിധായകന് ജോണി ആന്റണി, ശ്രുതി രാമചന്ദ്രന്, ലാലു അലക്സ്, സുധി കോപ്പ, ലിജോ മോള് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഒരു വില്ല കൂട്ടായ്മയും അവര്‍ക്കിടയില്‍ നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
.
Discussion about this post