സുരേഷ് ഗോപി വിഷയത്തില്‍ നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി സംവിധായകനും നടനുമായ മേജര്‍ രവി രംഗത്ത്. ഒരു പെണ്‍കുട്ടിയുടെ പിറകെ നടന്ന് ആക്രമിക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നും നിമിഷയ്ക്കെതിരെ ആക്രമണം നടത്തുന്നത് സുരേഷ് ഗോപിയ്ക്ക് ഇഷ്ടമാകും എന്നുള്ള വിചാരം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേജര്‍രവിയുടെ വാക്കുകള്‍
നിമിഷയെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ ഒരുപാട് കമന്റുകള്‍ കണ്ടിരുന്നു. ഒരു കാര്യം മനസ്സിലാക്കണം ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല. ഒരു കുട്ടിക്ക് ഏത് ലെവല്‍ വരെയുള്ള പ്രഷര്‍ എടുക്കാന്‍ പറ്റുമെന്നുള്ളത് ആദ്യം നമ്മള് ആലോചിക്കണം. രാഷ്ട്രീയത്തില്‍ കളിച്ചു വളര്‍ന്നിട്ടുള്ള ആളായിരുന്നെങ്കില്‍ നല്ല തൊലിക്കട്ടിയോടെഎന്ത് തെറിവിളിയേയും നേരിടും. എന്നാല്‍ ഈ കുട്ടിക്ക് ഇതൊന്നും എടുക്കാനുള്ള മനോധൈര്യമുണ്ടോ എന്ന് എനിക്കറിയില്ല. കാരണം അവള് രാഷ്ട്രീയക്കാരിയല്ല.
ഏതോ സ്റ്റേജില്‍ കയറി നിന്ന് ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ കാര്യം പറഞ്ഞെന്ന് പറഞ്ഞാണ് അവളെ ആക്രമിക്കുന്നത്. ഇവിടെ ഇരുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാകും അത്. അതിനെ അങ്ങനെ അങ്ങ് വിട്ടാല്‍ മതി. അതിന്റെ പേരില്‍ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. അത് വളരെ വേദനിപ്പിക്കുന്നതാണ്. സുരേഷ് ഗോപിയുടെ മകന് പോലും വന്നിട്ട് പറഞ്ഞതാണ് അന്ന് പറഞ്ഞപ്പോള്‍ വിഷമമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല.
ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്ന് അറ്റാക്ക് ചെയ്യാന്‍ നിനക്കൊന്നും വേറെ പണിയില്ലേ? വ്യക്തിപരമായ ദേഷ്യത്തിലൊന്നും പറഞ്ഞ കാര്യമല്ല. സ്റ്റേജില്‍ കയറി കയ്യടി കിട്ടുന്ന സമയത്ത് വായില്‍ നിന്ന് അറിയാതെ വന്നുപോയതാകും അത്. സുരേഷ് എന്റെ സുഹൃത്താണ്. ആ കുട്ടി എല്ലാതെ എത്ര പേര് എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ചെറിയ പ്രായമുള്ള ഒരു പെണ്‍കുട്ടിയാണത്. അത് വിട്ടേക്കുക. സുരേഷ് സാറിന് അത് ഇഷ്ടപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. സുരേഷ് വളരെ അധികം സാത്വികത്വം പാലിക്കുന്ന ആളാണ്.
Discussion about this post