വൈശാഖ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ടര്‍ബോയാണ് ഇപ്പോള്‍ സിനിമാപ്രേമികളുടെ സംസാര വിഷയം. ടര്‍ബോ മൂന്നാം ആഴ്ചയില്‍ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടി 2024ല്‍ ഒന്നാമതെത്തിയിരുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ സസ്പെന്സുകളിലൊന്നായിരുന്നു നടന് വിജയ് സേതുപതിയുടെ സാന്നിധ്യം. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായതിന് വിജയ് സേതുപതിയോട് നന്ദി പറയുകയാണ് മമ്മൂട്ടി.
ടര്‍ബോയുടെ ഭാഗമായതിന് മക്കള്‍ സെല്വന് വിജയ് സേതുപതിയ്ക്ക് നന്ദിയെന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. വിജയ് സേതുപതിയ്ക്കൊപ്പമുള്ള ചിത്രം കൂടി പുറത്തുവന്നതോടെ ടര്‍ബോ 2 വിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം കൂടിയിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്ക് വില്ലനായി വിജയ് സേതുപതി വരുമെന്നാണ് വാര്‍ത്ത.
രാജ് ബി ഷെട്ടിയാണ് ആദ്യ ഭാഗത്ത് വില്ലനായെത്തിയത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വീഡിയോകള്‍ക്കൊക്കെ വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. ബിന്ദു പണിക്കര്‍, ശബരീഷ് വര്‍മ്മ, അഞ്ജന ജയപ്രകാശ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റും. മിഥുന് മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടിക്കമ്പനി നിര്‍മ്മിച്ച ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം മഹാരാജയാണ് വിജയ് സേതുപതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലുമാണ് അവതരിപ്പിക്കുന്നത്.
Discussion about this post